ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണല്‍ കലാമേള മത്സരങ്ങള്‍ ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വച്ച് സെപ്റ്റംബര്‍ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഓസ്റ്റിൻ മാര്‍ത്തോമ ചര്‍ച്ച് ഓവറോള്‍ ചാമ്ബ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത മത്സരങ്ങളിലും, ഗ്രൂപ്പ് മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി കൊണ്ടാണ് ഓസ്റ്റിൻ മാര്‍ത്തോമ മാര്‍ത്തോമ ചര്‍ച്ച് വിജയികളായത്. സൗത്ത് വെസ്റ്റ് റീജണല്‍ പ്രസിഡൻറ് റവ. സാം കെ ഈശോ അധ്യക്ഷത വഹിച്ചു. ശ്രീ. സാജൻ ജോണ്‍ സ്വാഗത പ്രസംഗം നടത്തി. റവ.സന്തോഷ് തോമസ് പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. “ജീവന്റെ പൂര്‍ണ്ണത ക്രിസ്തുവില്‍” എന്നതായിരുന്നു മീറ്റിങ്ങിന്റെ ചിന്താവിഷയം. യുവത്വത്തിന്റെ നിറവില്‍ നിന്ന യോസഫിനെ തന്റെ യജമാനന്റെ ഭവനത്തില്‍ പ്രലോഭനങ്ങള്‍ ഒട്ടനവധി ഉണ്ടായെങ്കിലും, ദൈവത്തോട് പാപം ചെയ്യാതെ വിശ്വാസത്തില്‍ ഉറച്ചു നിന്ന ജോസഫ് എന്ന യൗവനക്കാരൻ ജീവൻറെ പൂര്‍ണ്ണത എപ്രകാരമാണ് ക്രിസ്തുവില്‍ കണ്ടെത്തുവാൻ ഇടയായത് എന്ന് സെഹിയോൻ മാര്‍ത്തോമ വികാരി റവ. ജോബി ജോണ്‍ മുഖ്യ പ്രഭാഷണത്തില്‍ ഓര്‍പ്പിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന കലാമത്സരങ്ങളില്‍ ബൈബിള്‍ ക്വിസ് മത്സരത്തില്‍ കാരോള്‍ട്ടൻ മാര്‍ത്തോമ ചര്‍ച്ച് യുവജന സഖ്യത്തിന് ഒന്നാം സ്ഥാനവും, ഗ്രൂപ്പ് സോങ്ങില്‍ മത്സരത്തില്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് സഖ്യത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. കൂടാതെ ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ച് , ഹ്യൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ചര്‍ച്ച് , ഹ്യൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ച്, സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് , സെഹിയോൻ മാര്‍ത്തോമ ചര്‍ച്ച് , എന്നീ ശാഖകളിലെ യുവജനസഖ്യം അംഗങ്ങളും മത്സരങ്ങളില്‍ പങ്കെടുത്തു. റവ. ഡെന്നിസ് എബ്രഹാം വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സൗത്ത് വെസ്റ്റ് റീജണല്‍ സഖ്യം സെക്രട്ടറി, അജു എ ജോണ്‍ നന്ദി അറിയിച്ചു.
ബാബു പി സൈമണ്‍











