കൊളംബോ : പാകിസ്‌താനെതിരായ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യക്ക് 228 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ രണ്ട് വിക്കറ്റിന് 356 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന് എട്ട് വിക്കറ്റിന് 128 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ പരുക്കു മൂലം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഓപ്പണര്‍ ഫഖര്‍ സമാന്‍ (27), ആഗാ സല്‍മാന്‍ (23), ഇഫ്‌തിഖര്‍ അഹമ്മദ് (23) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് 25 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ഞായറാഴ്‌ച പൂര്‍ത്തിയാകേണ്ട മത്സരം മഴ മൂലം ഇന്നലെ പുനരാംഭിക്കുകയായിരുന്നു. രണ്ടിന് 147 റണ്ണെ നിലയില്‍ ഇന്നിങ്‌സ് തുടര്‍ന്ന ഇന്ത്യയെ മുന്‍ നായകന്‍ വിരാട് കോഹ്ലി (94 പന്തില്‍ മൂന്ന് സിക്‌സറും ഒന്‍പത് ഫോറുമടക്കം 122), ലോകേഷ് രാഹുല്‍ (106 പന്തില്‍ രണ്ട് സിക്‌സറും 12 ഫോറുമടക്കം 111) എന്നിവരുടെ സെഞ്ചുറി കൂട്ടുകെട്ടാണു മികച്ച സ്‌കോറിലെത്തിച്ചത്.
മൂന്നാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് 233 റണ്ണെടുത്തു. ഏഷ്യാ കപ്പിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്. ഇന്ത്യക്കെതിരേ പാകിസ്‌താന്റെ നസീര്‍ ജാംഷദും മുഹമ്മദ് ഹഫീസും ചേര്‍ന്നു നേടിയ 224 റണ്ണിന്റെ കൂട്ടുകെട്ട് പഴങ്കഥയായി. പാകിസ്‌താനെതിരേ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇതാണ്. സച്ചിന്‍ തെണ്ടുല്‍ക്കറും നവജ്യോത് സിങ് സിദ്ധുവും ചേര്‍ന്നു 1996 ല്‍ നേടിയ 231 റണ്ണിന്റെ കൂട്ടുകെട്ടും പഴങ്കഥയായി. നായകന്‍ രോഹിത് ശര്‍മയും (49 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 56) ശുഭ്‌മന്‍ ഗില്ലും (52 പന്തില്‍ 58) ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയിരുന്നു. പാകിസ്‌താനെതിരേ ഇന്ത്യ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
സെഞ്ചുറി നേട്ടത്തോടെ കോഹ്ലി ഏകദിനത്തില്‍ 13,204 റണ്‍ കുറിച്ചു. 267 ഇന്നിങ്‌സുകളിലാണു കോഹ്ലി 13,000 ലെത്തിയത്. രണ്ട് സെഞ്ചുറികള്‍ കൂടി നേടിയാല്‍ മുന്‍ നായകന്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ (49) ഏകദിന റെക്കോഡിനൊപ്പമെത്തും. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം തവണയാണു കോഹ്ലി സെഞ്ചുറിയടിക്കുന്നത്. ഏകദിനത്തിലെ ആറാം സെഞ്ചുറിയടിച്ച രാഹുലിനു തിരിച്ചു വരവ് ആഘോഷമാക്കാനായി.











