ഇംഫാല്‍ : മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. ബിഷ്ണുപൂരിലെ ഫുബാലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്ക്. സംസ്ഥാനത്ത് പലയിടങ്ങളിലായി കുക്കി-മേയ്തി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. കഴിഞ്ഞ 72 മണിക്കൂറിനിടെ നടന്ന സംഘര്‍ഷത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്, വെടിവെയ്പ്പിനെത്തുടര്‍ന്നായിരുന്നു 8 പേര്‍ കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 25ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്. ഇതിനിടെ സര്‍ക്കാരുമായി നിസഹകരണം പ്രഖ്യാപിച്ച് മേയ്തി വിഭാഗത്തിലെ വനിതാ സംഘടന രംഗത്തുവന്നിരുന്നു. കലാപം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇടപെടല്‍.











