Home ഇന്ത്യ സിനിമാ നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു.

സിനിമാ നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു.

294
0

പ്രമുഖ സിനിമാ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായര്‍ (90) അന്തരിച്ചു. കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. ജൂലൈ 6 ന് ആയിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. ഇതിന് പിന്നാലെയാണ് മരണം ഉണ്ടായത്. 1967-ലാണ് അദ്ദേഹം ജനറല്‍ പിക്ചേഴ്സ് എന്ന സിനിമാ നിര്‍മ്മാണ കമ്ബനി ആരംഭിക്കുന്നത്. സത്യനെ നായകനാക്കി അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടന്നു.

പി ഭാസ്കരൻ, എ വിൻസെൻറ് , എം ടി വാസുദേവൻ നായര്‍, അടൂര്‍ ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളുടെ നിര്‍മ്മാതാവായി. 1973-ല്‍ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമ ഹിറ്റായതോടെ അച്ചാണി രവി എന്നറിയപ്പെട്ടു തുടങ്ങി. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. അച്ചാണിയുടെ ലാഭം ഉപയോഗിച്ച്‌ കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും നിര്‍മ്മിച്ചത് രവിയാണ്. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ല്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ല്‍ അന്തരിച്ചു. പ്രതാപ് നായര്‍, പ്രകാശ് നായര്‍, പ്രീത എന്നിവരാണ് മക്കള്‍.

Previous articleബ്രസീലിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് എട്ട് പേർ മരിച്ചു
Next articleകനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ റോഡിന്റെ വലിയൊരു ഭാഗം തകര്‍ന്നു

Leave a Reply