തിരുവനന്തപുരം : കാലാവസ്‌ഥ വ്യതിയാനവും വേനല്‍മഴയുടെ കുറവും മൂലം കുടിവെള്ളക്ഷാമം ഉണ്ടായാല്‍ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി റോഷി അഗസ്‌റ്റിന്‍ നിയമസഭയില്‍ പറഞ്ഞു. ഇതിനു പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളും നരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയെന്നും റോഷി വ്യക്‌തമാക്കി. വേനല്‍മഴ കുറയുകയാണെങ്കില്‍ കുളങ്ങളും കിണറുകളും പോലുള്ള സ്വകാര്യ ജലസ്രോതസുകള്‍ വറ്റാനുള്ള സാഹചര്യമുണ്ടെന്നു മന്ത്രി വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ ആവശ്യമായ വെള്ളം വിതരണം ചെയ്യാന്‍ ജല അതോറിറ്റി വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സ്‌ഥിതികള്‍ വിലയിരുത്തി പ്രതികൂലമായി ബാധിക്കുന്നിടങ്ങളെക്കുറിച്ചു പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ചെയ്‌ത നടപടികള്‍ ഈ വര്‍ഷവും ആവര്‍ത്തിക്കും. വരള്‍ച്ചാ പ്രതിരോധത്തിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കും. അതിനായി സ്രോതസുകളില്‍ വേണ്ടത്ര വെള്ളം ഉറപ്പാക്കും. ശുദ്ധീകരണശാലകളിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമുള്ളിടത്തേയ്‌ക്കൊക്കെ പൈപ്പ് ലൈനുകള്‍ നീട്ടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെ സ്വീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ പരാതി അനുസരിച്ചു വേണ്ടിടത്ത് വെള്ളം വിതരണം ചെയ്യും. വിതരണശൃംഖല എത്താത്തിടങ്ങളിലൊക്കെ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും.
പമ്ബുകള്‍ സ്‌റ്റാന്‍ഡ് ബൈയായി തയാറാക്കി നിര്‍ത്തുകയും ചെയ്യും. പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടിടങ്ങളില്‍ അറിയിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. അറ്റകുറ്റപണികള്‍ക്ക് ഡിവിഷനുകള്‍ക്ക് മുന്‍കൂറായി പണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.











