ലണ്ടന്‍ : യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളില്‍ ഒന്നായ മഴവില്‍ സംഗീതത്തിന്റെ ദശ വാര്‍ഷികാഘോഷവും നൃത്ത സംഗീതരാവും ഈമാസം 10ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതല്‍ ബോണ്‍മൗത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ അരങ്ങേറുന്നു. യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നര്‍ത്തകരും കലാപ്രതിഭകളുമെല്ലാം വേദിയില്‍ എത്തുമ്പോള്‍ യുകെയില്‍ ഇന്നുവരെ ദര്‍ശിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ ആണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
മഴവില്‍ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോര്‍ജും പത്‌നി ടെസ്സ ജോര്‍ജുമാണ് മഴവില്‍ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നത്. നൂറിലധികം പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീര്‍ക്കുവാന്‍ എത്തുന്നത്. യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന വോക്‌സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്.
അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷം സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്. ഇന്ത്യന്‍ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്‌കര്‍, ശ്രാവന്‍ റാത്തോട് എന്നിവര്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കുവാനും ആദരവ് നല്‍കുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയില്‍ ആലപിക്കും.
യുകെയിലെ കലാസാംസ്‌കാരിക സാമൂഹ്യ സംഘടന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്. അനീഷ് ജോര്‍ജ്ജ്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, ടെസ്സ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്. ഏഴകിലുള്ള വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച മഴവില്‍ സംഗീത സായാഹ്നത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
വേദിയുടെ വിലാസം
Barrington Theatre, Penny’s walk, Ferndown, Bournmouth, BH22 9TH
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Aneesh George: 07915 061105
Danto Paul : 07551 192309
Sunil Raveendran:07427105530














