Home അമേരിക്ക അമേരിക്ക ഒരു ഫുട്ബോൾ രാജ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു

അമേരിക്ക ഒരു ഫുട്ബോൾ രാജ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു

80
0

ശനിയാഴ്ച രാവിലെ തോന്നി. അനിയത്തിയുടെ വീട് വരെ പോയി മുറ്റത്തെ രുചിയൂറുന്ന പേരയ്ക്കമാങ്ങ പറിച്ചുകൊണ്ടുപോരാം. അവിടെ എത്തിയപ്പോൾ ഡോർ തുറന്നത് ദൂരെ മറ്റൊരു സ്റ്റേറ്റിൽ ജോലി ചെയ്യുന്ന മോൾ. അവധിയെടുത്ത് വന്നതാണത്രേ. ഡാഡിയോടൊപ്പം ഹോളിവുഡ് ഹാർഡ് റോക്കിൽ വേൾഡ് കപ്പ് ഗെയിം കാണാൻ പോകാനുള്ള ഒരുക്കത്തിലാണ്. കുറേ അധികം കൂട്ടുകാരും അവിടേക്ക് പോകുന്നുണ്ടത്രേ. എവിടെയും ഇപ്പോൾ ഇതുതന്നെയാണ് സംസാരം. അയൽക്കാർ മെസേജ് അയച്ച് ചോദിക്കുന്നു: “Who are you going for?” ജോലി സ്ഥലത്തും, പള്ളിയിലും, കൂട്ടായ്മകളിലും ഫുട്ബോൾ വിശേഷങ്ങൾ മാത്രം. എന്തിനേറെ പറയുന്നു, പള്ളിയിൽ അച്ചന്റെ പ്രസംഗത്തിൽ പോലും ലോകകപ്പിന്റെ ആവേശം കടന്നുവന്നു. അസോസിയേഷനുകൾ മത്സരബുദ്ധിയോടെ വാച്ച് പാർട്ടികൾ സംഘടിപ്പിക്കുന്നു. ഗേറ്റ് കടന്ന് കമ്മ്യൂണിറ്റിയിലേക്ക് കയറുമ്പോൾ മിക്ക വീടുകളുടെയും മുന്നിൽ വാഹനങ്ങളുടെ നിര. ഓരോ വീട്ടിലും ഒരു വാച്ച് പാർട്ടിയുടെ ആഘോഷം. വ്യത്യസ്ത രാജ്യങ്ങളുടെ ജേഴ്സികൾ, പതാകകൾ, ആർപ്പുവിളികൾ,ഇതെല്ലാം ചേർന്ന് അമേരിക്കയുടെ മണ്ണിൽ ഒരു ആഗോള ഉത്സവത്തിന്റെ പ്രതീതിയാണ് സൃഷ്ടിച്ചത് .ഇതെല്ലാം കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു. ഇത്രയും വർഷമായി അമേരിക്കയിൽ ജീവിച്ചിട്ടും നമ്മുടെ കുട്ടികളിൽ സോക്കറിനോടുള്ള ഇത്ര വലിയ ആവേശം മുമ്പ് കണ്ടിട്ടില്ല. ഈ ലോകകപ്പ് അവർക്ക് ഒരു മത്സരം മാത്രമല്ല,ഒരു സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടായിരിക്കാം.പണ്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ വഴിയരികിലെ മൈതാനത്ത് ആൺകുട്ടികൾ പന്ത് കളിക്കുന്ന കാഴ്ച. ഒരു ഗോൾ വീഴുമ്പോൾ ഉയരുന്ന ആഹ്ളാദാരവം ഇന്നും മനസ്സിൽ മുഴങ്ങുന്നു. ഇന്ന് അതേ ആവേശം അമേരിക്കയുടെ അത്യാധുനിക സ്റ്റേഡിയങ്ങളിലും കമ്മ്യൂണിറ്റി വാച്ച് പാർട്ടികളിലും കാണുമ്പോൾ, ആ ബാല്യകാല ഓർമ്മകൾക്ക് പുതിയൊരു ജീവൻ ലഭിച്ചതുപോലെ തോന്നുന്നു.

അമേരിക്ക ഇന്ന് ലോക ഫുട്ബോളിന്റെ വേദിയായി മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളും സംസ്കാരങ്ങളും ഒരു പന്തിന് ചുറ്റും ഒന്നിച്ചുചേരുന്ന ഈ മഹാമേള, കളിയുടെ അതിരുകൾക്കപ്പുറം മനുഷ്യരെ ഹൃദയങ്ങൾകൊണ്ട് ബന്ധിപ്പിക്കുന്ന ഒരു ഉത്സവമാണ്. ഈ ലോകകപ്പ് അമേരിക്കയിലെ സോക്കറിന്റെ വളർച്ചയ്ക്ക് പുതിയ അധ്യായമാകട്ടെ. ഇന്ന് ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ ആർപ്പുവിളിക്കുന്ന കുട്ടികളിൽ നിന്ന് നാളെയുടെ ലോകോത്തര താരങ്ങൾ ഉയർന്നുവരട്ടെ. കളിയുടെ ഭാഷയും സൗഹൃദത്തിന്റെ സന്ദേശവും ഈ നാടിന്റെ ഹൃദയത്തിൽ കൂടുതൽ ആഴത്തിൽ വേരൂന്നട്ടെ. ഒരിക്കൽ കാണികളായിരുന്നവർ നാളെ ചരിത്രമെഴുതുന്ന കളിക്കാരാകുന്ന ദിനങ്ങളിലേക്ക് ഈ ലോകകപ്പ് വഴികാട്ടിയാകട്ടെ. ലോകകപ്പിൽ വിജയമുത്തമിട്ട സ്പെയിനിനു ആശംസകൾ .

ബിനു ചിലമ്പത്ത്, സൗത്ത് ഫ്‌ളോറിഡ

Previous articleഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ ലോക ജേതാക്കൾ
Next articleകടുത്തുരുത്തി ബൈപ്പാസ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു

Leave a Reply