കടുത്തുരുത്തി: കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ മാര്‍തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോടനുബന്ധിച്ചു പുറത്തുനമസ്കാരവും നസ്രാണി സമുദായ യോഗവും ഇന്ന് നടക്കും. ഒന്നാം നൂറ്റാണ്ടില്‍ മിശിഹാമാര്‍ഗം ഹെന്തോയില്‍ (ഇന്ത്യ) എത്തിച്ച ക്രിസ്തു ശിഷ്യന്മാര് തോമാശ്ലീഹായുടെ ഓര്മ വലിയ പ്രാധാന്യത്തോടെയാണ് ഒന്നാം നൂറ്റാണ്ട് മുതല്‍ ആചരിച്ചു വരുന്നത്. മാര്‍ തോമാശ്ലീഹായുടെ പാരമ്പര്യമുള്ള നസ്രാണി സമുദായം ഇന്ന് വിവിധ സഭകളിലായിട്ടാണ് നിലകൊള്ളുന്നത്. ഭാരതത്തിലും മലങ്കരയിലും പ്രത്യേകിച്ചു മലയാളികളുടെ ഇടയില്‍ ശക്തമായ സാന്നിധ്യമുള്ള നസ്രാണി സമുദായം രാജ്യത്തിനും ക്രൈസ്തവ സഭയ്ക്കും ഒന്നാം നൂറ്റാണ്ട് മുതല്‍ വിലമതിക്കാനാവാത്ത സേവനം നല്കി വന്നവരാണ്. യൂറോപ്പില്‍ നിന്നുള്ള മിഷണറിമാര്‍ എത്തുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഒന്നാം നൂറ്റാണ്ട് മുതല്‍ മാര്‍തോമാ ശ്ലീഹായുടെ പൈതൃകമുള്ള സഭകളില്‍ ഈശോ മിശിഹായുടെയും മര്‍ത്ത് മറിയത്തിന്റെയും ശ്ലീഹന്മാരുടെയും ആദിമസഭയുടെയും സുറിയാനി പാരമ്പര്യം ആരാധനാ ക്രമത്തിലും ആത്മീയതയിലും തുടര്‍ന്നു വരുന്നുണ്ട്.ആറിനാരംഭിക്കുന്ന റംശാ നമസ്കാരത്തിനു ശേഷം ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ അധ്യക്ഷത വഹിക്കുന്ന സമുദായ യോഗത്തില്‍ മന്ത്രി മോന്‍സ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. നസ്രാണി ജാതൈ്യക്യ സംഘം പ്രസിഡന്റും യാക്കോബായ സുറിയാനി സഭയുടെ മുന്‍ സെക്രട്ടറിയുമായ ഷെവലിയാര്‍ ഉമ്മച്ചന് വേങ്കടത്തും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. ജോസ്കുട്ടി മരങ്ങാട്ടില്‍ ഹെന്തോയിലെ നസ്രാണി സഭയുടെ സഹോദരി സഭയായിരുന്ന പേര്‍ഷ്യയിലെ സഭയില്‍ നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ അപ്രേം മല്പാന്, മാര്‍തോമാ ശ്ലീഹാ എന്നിവരെയും ഹെന്തോയിലെ അദ്ദേഹത്തിന്റെ പ്രേഷിത പ്രവര്‍ത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളെപറ്റി ക്ലാസ് നയിക്കും. മാര്‍തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം ഉള്ളടക്കമായിരിക്കുന്ന നസ്രാണി കലാരൂപമായ മാര്‍ഗംകളി, പരിശീലകരായ ആശാന്മാര് അവതരിപ്പിക്കും. മൂന്നിന് രാവിലെ ആറിന് സപ്രാ നമസ്കാരവും 6.30ന് സുറിയാനി ഭാഷയില്‍ റാസ ക്രമത്തിലുള്ള പരിശുദ്ധ കുര്‍ബാനയര്‍പ്പണവും ഉണ്ടായിരിക്കും
Home ഇന്ത്യ കടുത്തുരുത്തി കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ മാര്‍തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളും, സമുദായ യോഗവും











