Home അമേരിക്ക നൈജീരിയൻ ക്രൈസ്തവർക്കായി ശബ്ദമുയർത്തി വൈറ്റ് ഹൗസിന് മുന്നിൽ റാലി

നൈജീരിയൻ ക്രൈസ്തവർക്കായി ശബ്ദമുയർത്തി വൈറ്റ് ഹൗസിന് മുന്നിൽ റാലി

27
0

വാഷിംഗ്ടണ്‍ ഡി‌സി: നൈജീരിയയെ പ്രതിസന്ധിയിലാഴ്ത്തുന്ന ഭീകരതയും ക്രൈസ്തവ വിരുദ്ധ പീഡനവും അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയുടെ ഭരണതലസ്ഥാനമായ വൈറ്റ് ഹൗസിന് സമീപം നിരവധി പേര്‍ ഒത്തുകൂടി. ജൂൺ 20നാണ് വൈറ്റ് ഹൗസിന് സമീപം ‘സേവ് നൈജീരിയ റാലി’ എന്നറിയപ്പെടുന്ന പരിപാടിയിൽ നൈജീരിയയിലെ ആറ് ജിയോപൊളിറ്റിക്കൽ സോണുകളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്തുകൂടിയത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ മരുമകൾ അൽവേദ കിംഗ് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയ്ക്കിടെ പ്രഭാഷണം നടത്തി.

നൈജീരിയയിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ തങ്ങൾ ഇവിടെയുണ്ടെന്ന് സംഘടന നേതാക്കള്‍ വേദിയില്‍ പ്രഖ്യാപിച്ചു. ബൊക്കോ ഹറാം, ഐസിസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് നൈജീരിയ ഗുരുതരമായ ഭീഷണി നേരിടുന്നുവെന്ന് റാലിയിൽ സംസാരിച്ച ‘സേവ് നൈജീരിയ ഗ്രൂപ്പ് യുഎസ്എ’ പ്രസിഡന്റ് സ്റ്റീഫൻ ഒസെംവെഗി മുന്നറിയിപ്പ് നൽകി. നൈജീരിയയെ “പ്രത്യേക ആശങ്കാജനകമായ രാജ്യം” ആയി പുനർനാമകരണം ചെയ്യാനുള്ള ശ്രമങ്ങൾക്കും തീവ്രവാദ സംഘടനകൾക്കെതിരായ നടപടികൾക്ക് പിന്തുണ നൽകിയതിനും അദ്ദേഹം യുഎസ് ഭരണകൂടത്തിന് നന്ദി പറഞ്ഞു.

ആഗോള ജിഹാദി പ്രസ്ഥാനങ്ങളുടെ പ്രധാന ലക്ഷ്യമായി നൈജീരിയ മാറിയിരിക്കുന്നുവെന്നും തീവ്രവാദ ഗ്രൂപ്പുകൾ ശക്തി പ്രാപിച്ചാൽ, സിറിയയിലും അഫ്ഗാനിസ്ഥാനിലും അനുഭവിച്ചതിന് സമാനമായ പ്രതിസന്ധി രാജ്യം നേരിടേണ്ടിവരുമെന്നും ഒസെംവെഗി പരിപാടിയ്ക്കിടെ മുന്നറിയിപ്പ് നൽകി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ നൈജീരിയൻ സുരക്ഷാ സേനയെ സഹായിക്കാൻ ഡ്രോണുകൾ, ഉപകരണങ്ങൾ, സൈനിക ഉപദേഷ്ടാക്കൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക, ഇന്റലിജൻസ് പിന്തുണ രാജ്യത്തിനു ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.

Previous articleമധ്യപൂര്‍വ്വേഷ്യയില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് വംശീയ ഉന്മൂലനം: ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേല്‍ പ്രതിനിധി
Next articleകോട്ടയത്തെ യുവാവിന്‍റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

Leave a Reply