ബ്രിസ്ബൻ : സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം )എന്നീ സംഘടനകൾ ചേർന്നാണ് നിലാ മഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്. ജൂലൈ 18 ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം 6 ന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാ മഴക്ക് തുടക്കമാകും. മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ദർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു. ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഈവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ- 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.











