Home യൂറോപ്പ് യുകെയില്‍ കണ്ണൂര്‍ സ്വദേശിയായ ബാലിക ചികിത്സയ്ക്കിടെ അന്തരിച്ചു

യുകെയില്‍ കണ്ണൂര്‍ സ്വദേശിയായ ബാലിക ചികിത്സയ്ക്കിടെ അന്തരിച്ചു

82
0

നോര്‍വിച്ച്: മെച്ചപ്പെട്ട ജീവിതവും മക്കളുടെ നല്ല ഭാവിയും സ്വപ്നം കണ്ട് യുകെയിലെത്തിയ മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ വിയോഗം. കണ്ണൂര്‍ ജില്ലയിലെ കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം – ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകള്‍ ഹെലന്‍ റോസ് ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കട്ടിലില്‍ നിന്ന് വീണതിനെത്തുടർന്നാണ് ഹെലന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ കുട്ടിയെ അടിയന്തരമായി നോര്‍വിച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് കൂടുതൽ മെഡിക്കൽ പരിശോധനകൾ നടന്നു വരികയാണ്. മൂന്ന് വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യത്തിനായാണ് ക്ലാരിറ്റ് യുകെയിലെത്തിയത്. തുടർന്ന് ഭർത്താവും യുകെയിലെത്തി. ഒരു വര്‍ഷം മുമ്പാണ് ഹെലനും ഏഴുവയസ്സുകാരനായ സഹോദരന്‍ ജുവാനും മാതാപിതാക്കള്‍ക്കൊപ്പം യുകെയില്‍ താമസമാരംഭിച്ചത്. സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്ന കുടുംബജീവിതത്തിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്. ഹെലന്റെ മൃതദേഹം നിലവിൽ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനാവശ്യമായ സഹായങ്ങളുമായി യുകെയിലെ മലയാളി സമൂഹം സജീവമായി രംഗത്തുണ്ട്.

Previous articleതൃശ്ശൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി ; വൻ മരങ്ങൾ കടപുഴകി വീണു, വ്യാപക നാശനഷ്ടം ; ഒഴിവായത് വൻ ദുരന്തം
Next articleകുടുംബങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ശക്തിപ്പെടുന്നു: മാർപാപ്പ

Leave a Reply