Home ഓഷിയാന റൊമാനിയയിൽ റഷ്യൻ ഡ്രോൺ തകർന്നുവീണ് വൻ തീപിടുത്തം

റൊമാനിയയിൽ റഷ്യൻ ഡ്രോൺ തകർന്നുവീണ് വൻ തീപിടുത്തം

53
0

ബുക്കാറസ്റ്റ് : റഷ്യ-ഉക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ റൊമാനിയൻ നഗരമായ ഗലാറ്റിയിൽ റഷ്യൻ ഡ്രോൺ തകർന്നുവീണ് രണ്ട് പേർക്ക് പരിക്ക്. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു നാറ്റോ രാജ്യത്തിനുള്ളിൽ ഡ്രോൺ ആക്രമണത്തിൽ ജനങ്ങൾക്ക് പരിക്കേൽക്കുന്ന ആദ്യ സംഭവമാണിത്. റഷ്യയുടെ ഈ നടപടിയെ നാറ്റോയും യൂറോപ്യൻ യൂണിയനും ശക്തമായി അപലപിച്ചു.നഗരത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന് മുകളിലാണ് ഡ്രോൺ പതിച്ചത്. ഡ്രോണിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൂർണമായും പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫ്ലാറ്റിന്റെ പത്താം നിലയിൽ വൻ തീപിടുത്തമുണ്ടായി. പരിക്കേറ്റ രണ്ട് പേർക്ക് അടിയന്തിര വൈദ്യസഹായം നൽകി. അപകടത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും എഴുപതോളം താമസക്കാരെ സുരക്ഷിതമായി മാറ്റി. റഷ്യ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

യുദ്ധം തുടങ്ങിയതിന് ശേഷം റൊമാനിയൻ അതിർത്തിയിൽ ഉണ്ടായ ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്ന് റൊമാനിയൻ പ്രസിഡന്റ് നിക്കുസോർ ഡാൻ വ്യക്തമാക്കി. ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് എഫ്16 യുദ്ധവിമാനങ്ങൾ റൊമാനിയ വിന്യസിച്ചിരുന്നു. എന്നാൽ ഡ്രോൺ റഡാറിൽ പതിഞ്ഞ് വെറും നാല് മിനിറ്റിനുള്ളിൽ തന്നെ കെട്ടിടത്തിൽ വന്ന് ഇടിക്കുകയായിരുന്നുവെന്ന് മിലിട്ടറി അധികൃതർ വ്യക്തമാക്കി. ഉക്രെയ്ൻ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കാൻ റൊമാനിയൻ സൈന്യത്തിന് അന്താരാഷ്ട്ര നിയമപരമായ പരിമിതികൾ ഉണ്ടായിരുന്നു. ഇത് റൊമാനിയക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമല്ലെന്നും, അതിർത്തിയിലെ യുദ്ധത്തിന്റെ പ്രതിഫലനം മാത്രമാണെന്നും സൈന്യം ജനങ്ങൾക്ക് ഉറപ്പ് നൽകി. എങ്കിലും, സുരക്ഷ മുൻനിർത്തി കൂടുതൽ ആന്റി-ഡ്രോൺ സംവിധാനങ്ങൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് റൊമാനിയ നാറ്റോ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു. അതേസമയം, ഉക്രെയ്നിലെ ഒഡേസ മേഖലയിലുള്ള ഇസ്മായിൽ തുറമുഖത്തിന് നേരെയും റഷ്യൻ ഡ്രോൺ ആക്രമണം ഉണ്ടായി. ഇതിനിടെ റഷ്യൻ നിയന്ത്രണത്തിലുള്ള ഉക്രെയ്ന്റെ കിഴക്കൻ ഡൊനെറ്റ്സ്ക് മേഖലയിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുട്ടിലിറ്റി തൊഴിലാളികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Previous articleവിധി പറയുന്നതിലെ കാലതാമസം: ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം
Next articleരാജേഷ് അലക്സാണ്ടർ അയർലണ്ടിലെ പീസ് കമ്മീഷണർ

Leave a Reply