ഷിക്കാഗോ: ലോക മാധ്യമ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (IPCNA) ഷിക്കാഗോ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ മീഡിയ പരിശീലന വര്‍ക്ക്‌ഷോപ്പ് ‘മീഡിയ ഇഗ്‌നൈറ്റ് 2026’ മെയ് രണ്ട് ശനിയാഴ്ച രാവിലെ 11 ന് ഷാംബര്‍ഗ്, ഇലിനോയിയിലെ നാഷണല്‍ ഇന്ത്യ ഹബ്ബില്‍ നടക്കും. മീഡിയ ഇഗ്‌നൈറ്റ് വര്‍ക്ക്‌ഷോപ്പ് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മാധ്യമ രംഗത്ത് അടിസ്ഥാനപരമായ ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് പ്രായോഗിക അറിവ് നല്‍കുന്നതിനായിട്ടാണ് IPCNA ഷിക്കാഗോ ചാപ്റ്റര്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ പരിശീലന സെഷനുകള്‍ നയിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറും അധ്യാപകനുമായ ജോര്‍ജ് ലെക്ലെയര്‍ ആയിരിക്കും. ഷിക്കാഗോയിലെ വിവിധ വാര്‍ത്താ മാധ്യമങ്ങളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പരിചയം പങ്കെടുക്കുന്നവര്‍ക്ക് വലിയ പ്രയോജനം നല്‍കുന്നതാണ്.
ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന സാങ്കേതിക വിദ്യകള്‍, ദൃശ്യകഥന രീതി, പ്രൊഫഷണല്‍ മീഡിയ സമീപനങ്ങള്‍ എന്നിവയാണ് വര്‍ക്ക്‌ഷോപ്പില്‍ ഉള്‍പ്പെടുത്തുന്നത്. IPCNA ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് പ്രസന്നന്‍ പിള്ള, സെക്രട്ടറിയും ഇവന്റ് ചെയറുമായ അലന്‍ ജോര്‍ജ്, ട്രഷറര്‍ അനില്‍ ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, ജോയിന്റ് സെക്രട്ടറി റോസ് വടകര, ജോയിന്റ് ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, അഡൈ്വസറി ബോര്‍ഡ്അംഗങ്ങളായ ബിജു സക്കറിയ, ശിവന്‍ മുഹമ്മ, ബിജു കിഴക്കേക്കുറ്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘാടകരാണ് പരിപാടി ഒരുക്കുന്നത്. തികച്ചും സൗജന്യമായാണ് ഈ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദമെന്യേ മുന്‍പരിചയമില്ലാത്തവര്‍ക്കും ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ഈ പരിപാടി ഉപകരിക്കും. തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയ റീലുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രീതിയും വര്‍ക്ക് ഷോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമ രംഗത്ത് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും യുവാക്കളും പ്രത്യേകമായി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:പ്രസന്നന്‍ പിള്ള – (630) 9352990, അലന്‍ – (331) 2621301











