ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തയ വലിയ ഭൂചലനം ഉണ്ടായി. ഇതിനു പിന്നാലെ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി ഇന്തോനേഷ്യയിലെ വടക്കന്‍ മലൂക്ക കടല്‍ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രഭവ കേന്ദ്രത്തില്‍ നിന്നു 1,000 കിലോമീറ്റര്‍ അകലെ വരെ സുനാമി മുന്നറിയിപ്പ് നല്‍കി. ഇന്തോനേഷ്യന്‍ തീരങ്ങളില്‍ തിരമാലകള്‍ 3.2 അടി ഏകദേശം ഒരു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഗുവാം, ജപ്പാന്‍, മലേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഫിലിപ്പീന്‍സ്, തായ്വാന്‍ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തേക്കിറങ്ങി ഓടി.
2022 ല്‍ പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ നഗരത്തിലുണ്ടായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 602 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2018ല്‍ സുലവേസിയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി 4300 ലധികം പേര്‍ മരിച്ചതിന് ശേഷം ഇന്തോനേഷ്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി തിരമാലകളില്‍പ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങളിലായി 230000 ത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.












