മെൽബൺ : പ്രകൃതിയുടെ മനോഹാരിതയും വേറിട്ട സംസ്കാരങ്ങളും സമാനതകളില്ലാത്ത ആഘോഷങ്ങളുമായി ഇന്ത്യ, ഓസ്ട്രേലിയൻ യുവാവിന്റെ മനംകവർന്നു. ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറാൻ സഹായിക്കുന്നതാണ് ഇന്ത്യയിലേക്കുള്ള സന്ദർശനമെന്ന് അവകാശപ്പെടുകയാണ് ഡങ്കൻ എന്ന ഓസ്ട്രേലിയൻ യുവാവ്. മലനിരകൾ, മരുഭൂമികൾ, കടൽത്തീരങ്ങൾ, കാടുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ പ്രകൃതിയുടെ വൈവിധ്യമാർന്ന സൗന്ദര്യം ഇന്ത്യയുടെ സവിശേഷതയാണ്. കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണം ലഭിക്കുമെന്ന് മാത്രമല്ല ഇന്ത്യക്കാർ സഞ്ചാരികളെ കുടുംബാംഗങ്ങളെപ്പോലെ സ്വീകരിക്കുമെന്നാണ് ഡങ്കൻ വ്യക്തമാക്കുന്നത്. നാവിലെ രുചിക്കുമിളകളിലെ പുത്തൻ അനുഭൂതിയിലേക്ക് ഉയർത്തുന്ന സ്വാദും ഇന്ത്യൻ ഭക്ഷണങ്ങൾ സ്വന്തമാണ്.
ഓരോ സംസ്ഥാനത്തിനും ഭാഷയും ആഘോഷങ്ങളും വ്യത്യസ്തമാണ്. തികച്ചും അനുഭവിച്ചറിയേണ്ടതാണ് ഇന്ത്യയിലെ ഉത്സവങ്ങളും ആഘോഷങ്ങളെന്ന് ഡങ്കൻ സാക്ഷ്യപ്പെടുത്തുന്നു. ‘ലോകത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന യുവസഞ്ചാരിയാണെങ്കിൽ ആദ്യം യാത്ര ചെയ്യേണ്ടത് ഇന്ത്യയിലേക്കാണ്. ഈ രാജ്യം എല്ലാ ദിവസവും അദ്ഭുതപ്പെടുത്തുകയാണ്. ചെറുപ്പക്കാരും സാഹസികത ഇഷ്ടപ്പെടുന്നവരുമാണെങ്കിൽ, നിങ്ങൾ ഇന്ത്യയിലേക്ക് വരിക. അത് നിങ്ങളുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിക്കും. ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതും വൈവിധ്യങ്ങൾ നിറഞ്ഞതുമായ രാജ്യമാണ് ഇന്ത്യ’ എന്നാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
‘നന്ദി സഹോദരാ.. യഥാർഥ ഇന്ത്യയെക്കുറിച്ച് പറഞ്ഞതിന് നന്ദി. നിങ്ങളുടെ ഓരോ വാക്കിനെയും ഞങ്ങൾ ബഹുമാനിക്കുന്നു എന്നാണ്’ വിഡിയോയിൽ കമന്റായി പല ഇന്ത്യക്കാരും രേഖപ്പെടുത്തിയിരിക്കുന്നത്.














