തിരുവനന്തപുരം : ലോകകേരള സഭയുടെ സ്വീകാര്യത വർധിച്ചെന്നും ലോകത്തിനു തന്നെ മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചാമതു ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്കു പ്രാതിനിധ്യം നൽകി ഇങ്ങനെയൊരു സംരംഭം തുടങ്ങിയപ്പോൾ പലർക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഏറ്റവുമധികം പങ്കാളിത്തമുള്ള അഞ്ചാം സമ്മേളനത്തോടെ സംശയങ്ങൾക്കെല്ലാം ഉത്തരമായി. പരാതികളും ആവലാതികളും മാത്രമല്ല, നാടിന്റെ വികസനവും ഇവിടെ ചർച്ചയാണ്. സർക്കാരിന്റെ നയപരിപാടികളിൽ നിർദേശങ്ങൾ നൽകുന്നതിനും പങ്കാളിത്തം വഹിക്കുന്നതിനുമുള്ള അവസരമാണു പ്രവാസികൾക്കു ലഭിക്കുന്നത്. അത് അവരുടെ അർഹതയ്ക്കുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ.അനിൽ, എ.കെ.ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.രാജൻ, വി.ശിവൻകുട്ടി, കെ.കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി എ.ജയതിലക്, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, വ്യവസായികളായ എം.എ.യൂസഫലി, രവി പിള്ള, നോർക്ക സെക്രട്ടറി ടി.വി.അനുപമ എന്നിവർ പ്രസംഗിച്ചു. സമ്മേളന നടപടികൾ ഇന്നും നാളെയുമായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. പ്രതിപക്ഷവും പ്രതിപക്ഷത്തെ പ്രവാസി സംഘടനകളും ലോകകേരള സഭ ബഹിഷ്കരിച്ചു.











