Home ഓഷിയാന ഈ രാജ്യത്തെ ജീവിതം ഒരു കെണിയാണ് ; ഇന്ത്യൻ യുവതിയുടെ വിഡിയോ വൈറൽ

ഈ രാജ്യത്തെ ജീവിതം ഒരു കെണിയാണ് ; ഇന്ത്യൻ യുവതിയുടെ വിഡിയോ വൈറൽ

121
0

മെൽബൺ : വിദേശത്തെ സുഖസൗകര്യങ്ങളെയും ജീവിതരീതിയെയും തനതായ ശൈലിയിൽ തമാശ രൂപേണ അവതരിപ്പിച്ച് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ഓസ്‌ട്രേലിയയിലെ തന്റെ ജീവിതം എങ്ങനെ മാറിയെന്ന് വിവരിക്കുന്ന ആകാൻക്ഷ എന്ന യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ഉയർന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും സ്വപ്നം കണ്ട് ഓസ്‌ട്രേലിയയിൽ എത്തിയ താൻ ഒരു ‘കെണിയിൽ’ അകപ്പെട്ടിരിക്കുകയാണെന്ന് ആകാൻക്ഷ തമാശയായി പറയുന്നു. എന്നാൽ ഈ കെണി സാമ്പത്തിക തകർച്ചയല്ല, മറിച്ച് അവിടുത്തെ സമാധാനപരമായ ജീവിതസാഹചര്യങ്ങളാണ്. വെറും ആറുമാസം കൊണ്ട് തന്റെ ശീലങ്ങൾ ആകെ മാറിയെന്നും, ഇന്ത്യയിൽ സ്വപ്നം മാത്രം കണ്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ നിത്യജീവിതത്തിന്റെ ഭാഗമായെന്നും യുവതി പറയുന്നു.

പുലർച്ചെ 6 മണിക്ക് എഴുന്നേറ്റ് ജിമ്മിൽ പോകുന്നത് പതിവായി, ഒഴിവുസമയങ്ങളിൽ പങ്കാളിയോടൊപ്പം 10 കിലോമീറ്റർ വരെ കാൽനടയാത്ര നടത്തുന്നു. മുൻപ് ജോലിക്ക് പോകാൻ മടി കാണിച്ചിരുന്നെങ്കിൽ, ഇപ്പോൾ സന്തോഷത്തോടെ ജോലിക്ക് പോകാനുള്ള ആഗ്രഹം തോന്നുന്നു എന്നിവയാണ് യുവതിയുടെ ജീവിതത്തിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ‘വർക്ക് – ലൈഫ് ബാലൻസ്, പ്രകൃതിഭംഗി, സുരക്ഷ എന്നിവയുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് എനിക്കറിയില്ല. അതുകൊണ്ട് ആരും ഇങ്ങോട്ട് വരരുത്, ഇതൊരു കെണിയാണ്!” – യുവതി വിഡിയോയിൽ പറയുന്നു. ഇന്ത്യയിൽ കഴിയുമ്പോൾ അപൂർവ്വമായി മാത്രം ലഭിച്ചിരുന്ന പല കാര്യങ്ങളും ഓസ്‌ട്രേലിയയിൽ സാധാരണമായി മാറിയെന്ന് ആകാൻക്ഷ ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ ഭയമില്ലാതെ നടക്കാൻ കഴിയുന്നു. ഒരു പകൽ മുഴുവൻ ജോലി ചെയ്താലും വൈകുന്നേരം ആസ്വദിക്കാൻ ആവശ്യമായ ഊർജം ബാക്കിയുണ്ട്. അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടതില്ല, അസുഖം ബാധിച്ചാൽ അധികൃതരോട് വിശദീകരണം നൽകേണ്ട എന്നിവ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നും യുവതി കൂട്ടിച്ചേ‍ർത്തു.

കഠിനാധ്വാനവും പോരാട്ടവും നിറഞ്ഞ ഒരു ജീവിതം പ്രതീക്ഷിച്ചാണ് താൻ വിദേശത്തേക്ക് വിമാനം കയറിയതെന്നും, എന്നാൽ സമാധാനവും സാമ്പത്തിക സ്ഥിരതയും നിറഞ്ഞ ഇത്രയും നല്ലൊരു ജീവിതം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് കരുതിയിരുന്നില്ലെന്നും ആകാൻക്ഷ തന്റെ പോസ്റ്റിന്റെ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു. നിരവധി പ്രവാസികളാണ് തങ്ങളുടെ ജീവിതാനുഭവങ്ങളുമായി വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

Previous articleഇന്ത്യ-യുഎസ് വ്യാപാര ബന്ധങ്ങൾ ശക്തി പ്രാപിക്കുന്നു ; ജയ്ശങ്കർ വാഷിംഗ്ടൺ ഡിസിയിൽ യുഎസ് ട്രഷറി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
Next articleലോകകേരള സഭയുടെ സ്വീകാര്യത വർധിച്ചു ; മുഖ്യമന്ത്രി

Leave a Reply