നിയമസഭാ മന്ദിരത്തിൽ പുസ്തകോത്സവത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട മെന്റലിസ്റ്റ് ആദിയുടെ സ്റ്റേജ് ഷോ അതിന്റെ സവിശേഷമായ പുതുമ കൊണ്ടുതന്നെ സദസ്സിനെ ഇളക്കിമറിച്ചു എന്നു പറയാം. തലസ്‌ഥാനനഗരിയിൽ ഇതിനുമുമ്പ് ‘മെന്റലിസം’ എന്ന പേരിൽ ഒരു പ്രകടനം അരങ്ങേറിയിട്ടുണ്ടോ എന്നറിയില്ല. പണ്ട് പ്രൊഫ വാഴക്കുന്നവും പിന്നീട് മജീഷ്യൻ മുതുകാടും സാമ്രാജുമൊക്കെ വേദിയിൽ മഹാവിസ്മയങ്ങൾ തീർത്തിട്ടുണ്ട്.എന്നാൽ മാറിയ കാലത്തിന്റെ മഹാവേദിയിൽ തൂക്കിയ പുതിയ തിരസ്കരണിയാണ് മെന്റലിസ്റ്റ് ആദിയുടെ Insomnia എന്ന പരമ്പര. മാറിവരുന്ന ഓരോ സ്റ്റേജിലും തികച്ചും വ്യത്യസ്തമായ നമ്പറുകളാണ് ആദി പരീക്ഷിക്കുന്നത്. ഉത്തര മലബാറുകാരനായ ഈ യുവാവ് കേരളത്തിലങ്ങോളം പിന്നെ കേരളത്തിനും ഇന്ത്യക്കുപുറത്തും അനേകം രാജ്യങ്ങളിൽ ഇതിനകം മെന്റലിസം ഷോ അവതരിപ്പിച്ചു കഴിഞ്ഞു.
എന്താണ് മെന്റലിസം?
എന്തുകൊണ്ട് Insomnia? പേര് സൂചിപ്പിക്കുന്നത് പോലെ നിദ്രാവിഹീനമായ ഒരനുഭവം സമ്മാനിച്ചുകൊണ്ടാണ് ആദി കടന്നുപോയത്. കുട്ടിക്കാലത്ത് ഷെർലോക് ഹോംസിനെ വായിക്കാൻ തുടങ്ങിയ കാലം മുതൽ വിടാതെ പിന്തുടർന്ന കുറ്റാ ന്വേഷണ കഥകളോടുള്ള കമ്പം, ഇന്ദ്രജാലമെന്ന കലയോടുള്ള അഭിനിവേശം, മനഃശാസ്ത്രത്തിലും mind reading പോലുള്ള നിഗൂഢവായനയിലുമുള്ള അതിയായ ജിജ്ഞാസ, ഹിപ്നോട്ടിസം, സൈക്കോ അനാലിസിസ്, ഉന്മാദം, നാടകീയത ഇങ്ങനെ യിങ്ങനെ സ്വന്തം കുതൂ ഹലങ്ങൾ ചേർത്ത് ആദി വികസിപ്പിച്ചെടുത്ത കലയാണ് മെന്റലിസം. വേദിയിൽ അദ്ദേഹം കാണിക്കുന്നത് ചെപ്പിടിവിദ്യകളല്ല. മാജിക്കുകളോ ഗിമ്മിക്കുകളോ മാത്രമല്ല. ജ്യോതിഷവും ജ്യോതി ശാസ്ത്രവുമല്ല.. കൺകെട്ടോ തെരുവ് സർക്കസ്സോ അല്ല. പിന്നെന്താണ്? ഇതെല്ലാം ആദിയുടെ അവതരണത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. മനുഷ്യമനസ്സിന്റെ കടലാഴങ്ങളാണ് ആദിയുടെ കളിസ്‌ഥലം. രണ്ടു മണിക്കൂർ നീണ്ടുപോവുന്ന ഒരു മുഴുനീള ചലച്ചിത്രം പോലെ. അതിൽ നർമമുണ്ട്, കഥയും കവിതയും സംഗീതവും കലയും ശാസ്ത്രവും വിഷാദം നിറഞ്ഞ സ്വപ്നങ്ങളും കടന്നുവരും. അത്രമേൽ നിഷ്കളങ്കമാണ് അയാളുടെ അവതരണം. അതിൽ സർഗാത്മക ഭാവനയുണ്ട്. നിലനിൽക്കുന്ന വിശ്വാസങ്ങളോടുള്ള നേർത്ത പരിഹാസമുണ്ട്. മനുഷ്യ സ്നേഹത്തിന്റെ സാന്ത്വന സ്പർശമുണ്ട്. വേദിയിലെത്തി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് മനുഷ്യർ തിങ്ങി നിൽക്കുന്ന സദസ്സിനെ അദ്ദേഹം ഒരു പുഞ്ചിരി കൊണ്ട് കയ്യിലെടുക്കും. അവരെ ചേർത്തുനിർത്തും. അവരിൽ ഒരാളായിമാറും. സദസ്സിൽ നിന്ന് സ്റ്റേജിൽ കേറാൻ അവസരം ലഭിക്കുന്ന ഓരോരുത്തരെയും ഷോയുടെ അവസാനം പേര് ചൊല്ലിവിളിക്കാനുള്ള ഓർമ്മശക്തിയും ആദിക്കുണ്ട്. അങ്ങനെയാണ് മെമ്മറി പവർ ഈ കലയുടെ മർമമാകുന്നത്. ഇടക്ക് തോറ്റു കൊടുത്തും തോൽവിയെ മഹത്തായ വിജയത്തിലെത്തിച്ചു നമ്മെ ആഹ്ലാദചിത്തരാക്കാനും ഈ മനുഷ്യനുള്ള കഴിവ് അപാരമാണ്. ഒപ്പം ആദി സദസ്സിനോട് പറയാതെ പറയുന്ന ഒരു കാര്യമാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ഇതൊന്നും അമാനുഷികമായ സിദ്ധികളല്ല. ദൈവീകമായ മായയുമല്ല. മനുഷ്യരിൽ അന്തർലീനമായ അന്വേഷണ ത്വരയുടെ കലാവിഷ്കാരം മാത്രം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ അവിരാമമായ അന്വേഷണവും വിശ്രമം എന്തെന്നറിയാത്ത അധ്വാനവുമാണ് ഇന്നത്തെ ആദി. ഒരു കാര്യം കൂടി പറഞ്ഞു ഈ കുറിപ്പ് അവസാനിപ്പിക്കാം. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിൽ ഫീസ് വാങ്ങി മെന്റലിസം പഠിപ്പിക്കുന്ന ട്യൂഷ്യൻ ക്ലാസുകൾ ഇന്ന് സജീവമാണ്. യൂ ട്യൂബിൽ നൂറുകണക്കിന് മെന്റലിസ്റ്റുകൾ വിലസി നടക്കുന്നുണ്ട്. ഒരു മാസം കൊണ്ടോ മൂന്നു മാസം കൊണ്ടോ ആളു കൂടുന്നിടത്തൊക്കെ പരീക്ഷിക്കാവുന്ന തമാശയായി ഇതിനെ കാണരുത്. വലിയൊരു ആവിഷ്കാരത്തിന്റെ സാധ്യത അടച്ചുകളയുകയാണ് മുറി വൈദ്യം പഠിച്ചവർ ചെയ്യുന്നത്. തികച്ചും fake ആയൊരു ലോകത്തെ നർമത്തോടെ അവതരിപ്പിക്കുന്ന ഒരു മുഴുനീള entertainment ആണ് ആദിയുടെ വിസ്മയ കല.













