കാന്‍സ് : കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം മൈക്കിള്‍ ഡഗ്ലസിന്. 76ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് അമേരിക്കന്‍ നടന്‍ മൈക്കിള്‍ ഡഗ്ലസിന് ഓണററി പാം ഡി ഓര്‍ പുരസ്‌കാരം നല്‍കിയത്. ഈ മാസം 16ന് ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ചടങ്ങ് നടത്തിയത്. നേരത്തെ ഫോറസ്റ്റ് വിറ്റേക്കര്‍, ആഗ്നസ് വാര്‍ദ, ജീന്‍ പിയറി ലീഡ്, ജോഡി ഫോസ്റ്റര്‍, മനോയല്‍ ഡി ഒലിവേര എന്നിവര്‍ക്ക് സമാനമായ ആദരം ലഭിച്ചിരുന്നു. 78കാരനായ മൈക്കിള്‍ ഭാര്യ കാതറിന്‍ സെറ്റാ ജോണ്‍സും മകള്‍ കാരീസുമൊത്താണ് പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്. ജെനി ഡു ബാരി എന്ന സിനിമയുടെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹവും കുടുംബവും പങ്കെടുത്തു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ ധരിച്ചാണ് മൂവരും ചടങ്ങിനെത്തിയത്. വര്‍ഷങ്ങള്‍ നീണ്ട തന്റെ സിനിമാജീവിതത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കും പ്രൊഡ്യൂസര്‍മാര്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. തന്റെ ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട നിമിഷമായി ഈ സന്ദര്‍ഭത്തെ കരുതുന്നുവെന്നും മൈക്കിള്‍ ഡഗ്ലസ് പ്രതികരിച്ചു.
1979ല്‍, ദി ചൈന സിന്‍ഡ്രോമിന്റെ ഉദ്ഘാടനത്തിനായി അഭിനേതാക്കളായ ജെയ്ന്‍ ഫോണ്ട, ജാക്ക് ലെമ്മണ്‍, സംവിധായകന്‍ ജെയിംസ് ബ്രിഡ്ജസ് എന്നിവരോടൊപ്പം മൈക്കിള്‍ കാനില്‍ എത്തിയിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1992-ല്‍ പോള്‍ വെര്‍ഹോവന്‍ നയിച്ച ബേസിക് ഇന്‍സ്റ്റിങ്ക്റ്റുമായി അദ്ദേഹം വീണ്ടും കാനിലെത്തി. അന്ന്് ചിത്രം പാം ഡി ഓറിനായി മത്സരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, സ്റ്റീവന്‍ സോഡര്‍ബെര്‍ഗിന്റെ കാന്‍ഡലബ്രയ്ക്ക് പിന്നിലസും അദ്ദേഹം ചുവന്ന പരവാതാനി ചവിട്ടുകയുണ്ടായി. കാന്‍ ചലച്ചിത്ര മേളയുമായി മൈക്കിളിന് വളരെ വൈകാരിക ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ പിതാവ് കിര്‍ക്ക് ഡഗ്ലസിലൂടെ അദ്ദേഹം കാനില്‍ എത്തുകയായിരുന്നു. 1980-ല്‍ കിര്‍ക്ക് മേളയുടെ പ്രധാന ജൂറി അധ്യക്ഷനായിരുന്നു. അകിര കുറോസാവയുടെ കഗെമുഷയ്ക്കും ബോബ് ഫോസെയുടെ ഓള്‍ ദാറ്റ് ജാസിനും അന്ന് പുരസ്‌കാരം നല്‍കിയത് കിര്‍ക്ക് ആയിരുന്നു. പിതാവില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ഡഗ്ലസ് സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നത്.
കിര്‍ക്ക് ഡഗ്ലസിന്റെയും ഡയാന ഡിലിന്റെയും മൂത്ത മകനായി 1944 സെപ്റ്റംബര്‍ 24നാണ് ജനനം. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നാടകത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് നേടി. അദ്ദേഹത്തിന്റെ ആദ്യകാല അഭിനയ വേഷങ്ങളില്‍ സിനിമ, സ്റ്റേജ്, ടെലിവിഷന്‍ ഷോകളും ഉള്‍പ്പെടുന്നതായിരുന്നു. ദ ചൈന സിന്‍ഡ്രോം (1979), റൊമാന്‍സിംഗ് ദ സ്റ്റോണ്‍ (1984) എന്നീ വിഖ്യാതസിനിമകള്‍ നിര്‍മ്മിച്ചു. രണ്ട് അക്കാദമി അവാര്‍ഡുകള്‍, അഞ്ച് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍, പ്രൈംടൈം എമ്മി അവാര്‍ഡ്, സെസില്‍ ബി. ഡിമില്ലെ അവാര്‍ഡ്, എഎഫ്‌ഐ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.













