ഇപ്സ്വിച് : ഇപ്സ്വിച് മലയാളി അസോസിയേഷൻ ഓണം 2025 ആഘോഷം റിപ്ലി വാലി സ്റ്റേറ്റ് സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്വീൻസ്‌ലാൻഡിലെ മലയാളി സമൂഹം ഒന്നിച്ച് മനോഹരമായ ഓണപ്പൂക്കളം ഒരുക്കി മഹാബലിയെ വരവേറ്റതോടെയായിരുന്നു ആഘോഷം ആരംഭിച്ചത്. പരമ്പരാഗത കേരളീയ വസ്ത്രം അണിഞ്ഞ് വാഴയിലയിൽ ഇരുപതിലധികം വിഭവങ്ങളുള്ള സദ്യ വിളമ്പിയായിരുന്നു ആഘോഷം. വേദിയിൽ അരങ്ങേറിയ കലാ സാംസ്കാരിക പരിപാടികളായ തിരുവാതിര, ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് പ്രകടനങ്ങൾ, ഗാനങ്ങൾ, നാടകാവിഷ്കാരങ്ങൾ എന്നിവയിൽ കുട്ടികളും മുതിർന്നവരും പങ്കുചേർന്നു. സമൂഹത്തിനായി പ്രവർത്തിച്ച അംഗങ്ങളെ പ്രത്യേകമായി ആദരിച്ചു. പൂക്കളം, പായസ മത്സരങ്ങളും അസോസിയേഷൻ അംഗങ്ങളിൽ ആവേശം പകർന്നു.
1200ഓളം പേർ പങ്കെടുത്ത ഈ ഓണാഘോഷം സൗത്ത് ഈസ്റ്റ് ക്വീൻസ്‌ലാൻഡിലെ ഏറ്റവും വലിയ ഓണാഘോഷമാണെന്ന് ഐഎംഎ പ്രസിഡന്റ് ബാബു തോമസ്, സെക്രട്ടറി റോയ് ജോൺ എന്നിവർ അറിയിച്ചു. ഇപ്സ്വിച് കൗൺസിലർ ഡിവിഷൻ ഒന്നിലെ പൈ അഗസ്റ്റിൻ ശ്രാവണോത്സവം ഉദ്ഘാടനം ചെയ്തു. ഇപ്സ്വിച് കൗൺസിലർ ഡിവിഷൻ ഒന്നിലെ ജേക്കബ് മാഡിസൺ, സിയാൻ ന്യൂമാൻ എന്നിവർ ആശംസകൾ അറിയിച്ചു. ‘മേളം ഇപ്സ്വിച്’ കലാകാരന്മാരുടെ ശിങ്കാരിമേളം ശ്രാവണോത്സവത്തിന് മാറ്റുകൂട്ടി.













