Home അമേരിക്ക ട്രംപ് അനുകൂലികൾ ഇന്ത്യക്കാർക്കും H-1 B വിസയ്ക്കും എതിരെ

ട്രംപ് അനുകൂലികൾ ഇന്ത്യക്കാർക്കും H-1 B വിസയ്ക്കും എതിരെ

187
0

യുഎസ് സമ്പദ് വ്യവസ്ഥയും തൊഴിൽ വിപണിയും അവതാളത്തിലായിരിക്കെ പ്രസിഡന്റ് ട്രംപിനെ ശക്തമായി അനുകൂലിക്കുന്ന യാഥാസ്ഥിതിക പ്രസ്ഥാനം ഇന്ത്യൻ വംശജർക്കും എച്-1 ബി വിസയ്ക്കും എതിരെ ആയുധമെടുത്തു. ജൂലൈയിൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞെന്നു റിപ്പോർട്ട് ചെയ്തതിനു ബ്യുറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് കമ്മീഷണർ എറിക്ക മക്എന്റർഫെറെ ട്രംപ് പിരിച്ചു വിട്ടിരുന്നു. അവർ വ്യാജ കണക്കുകളാണ് ഉന്നയിച്ചതെന്നു തെളിവില്ലാതെ അദ്ദേഹം ആരോപിച്ചു. തൊഴിലില്ലായ്മ ട്രംപ് സമ്മതിക്കുന്നതിനേക്കാൾ ഏറെ കൂടുതലാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതിനൊരു പ്രധാന കാരണം അദ്ദേഹത്തിന്റെ കഠിനമായ താരിഫ് നയങ്ങളാണെന്നും. വിദേശത്തു നിന്ന് വിദഗ്ദ്ധ ജീവനക്കാരെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന എച്-1 ബി വിസയ്ക്കു എതിരെ ട്രംപിന്റെ അനുയായികൾ ആക്രോശിക്കുമ്പോൾ അത് ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർ സ്വാഭാവികമായും ലക്ഷ്യമാകുന്നു. ടെർണിങ് പോയിന്റ് യുഎസ്എ സ്ഥാപകനായ വലതു തീവ്രവാദി നിരീക്ഷകൻ ചാർളി കിർക് എക്‌സിൽ പറഞ്ഞത് ഇന്ത്യക്കാർക്ക് കൂടുതൽ വിസ നൽകരുത് എന്നാണ്. “ഇന്ത്യയിൽ നിന്നുള്ളവർക്കു അമേരിക്ക ഇനി കൂടുതൽ വിസ നൽകേണ്ടതില്ല. അമേരിക്കൻ ജീവനക്കാർക്ക് ഒരു പക്ഷെ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയത് ഇന്ത്യയിൽ നിന്നു വന്നവരാണ്. മതിയായി, ഇനി ഇടമില്ല. ഇനി നമുക്ക് നമ്മുടെ ആളുകൾക്കു പ്രധാന പരിഗണന നൽകാം.”

ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇൻഗ്രഹമിന്റെ അഭിപ്രായത്തിനു പ്രതികരണമായാണ് അദ്ദേഹം അങ്ങിനെ കുറിച്ചത്. യുഎസ്-ഇന്ത്യ വ്യാപാര കരാറിൽ വിസ നയം പരിഗണിക്കണം എന്നാണ് അവർ പറഞ്ഞിരുന്നത്. സാമ്പത്തിക തളർച്ചയ്ക്കും തൊഴിൽ നഷ്ടത്തിനും ഇന്ത്യക്കാരുടെ വരവാണ് കാരണമെന്നു ‘മാഗാ’ പക്ഷത്തെ വലതു തീവ്രവാദികൾ ആവർത്തിക്കുമ്പോൾ വിലക്കയറ്റവും വേതന മരവിപ്പും തൊഴിൽ നഷ്ടവും മൂലം ദുരിതത്തിലാവുന്ന അമേരിക്കൻ വംശജരെ അതു സ്വാധീനിക്കുന്നു. സംരംഭകനും എഴുത്തുകാരനുമായ കാൾ മേത്ത ചാർളി കിർക്കിനോട് പ്രതികരിച്ചു. ഇന്ത്യൻ പ്രഫഷനലുകൾ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു കനത്ത സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമുഖ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചത് ഇന്ത്യക്കാരാണ്, ഫോർച്യൂൺ 500 കമ്പനികൾ അവർ നടത്തുന്നു. മില്യൺ കണക്കിനു തൊഴിലുകളാണ് അങ്ങിനെ സൃഷ്ടിച്ചത്. “താങ്കളുടെ ട്വീറ്റ് ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കും. അത് വംശീയ വിദ്വേഷം നിറഞ്ഞ അക്രമങ്ങൾക്കു കാരണമാവും.”

യുഎസ് കമ്പനികൾക്ക് ആഗോള തലത്തിൽ മികവ് നിലനിർത്താൻ കഴിയുന്നത് സാങ്കേതിക-ആരോഗ്യ രക്ഷാ-എൻജിനിയറിങ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ജീവനക്കാരുടെ സംഭാവനകൾ കൊണ്ടാണെന്നു മറ്റു പലരും എക്‌സിൽ പ്രതികരിച്ചു. “നിയമാനുസൃത കുടിയേറ്റം ഭാരമല്ല, നിക്ഷേപമാണ്. മികവുള്ള കുടിയേറ്റക്കാർക്കു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. അവർ നികുതി നൽകും. സമ്പദ് വ്യവസ്ഥയെ ദുര്ബലമാക്കുന്നതിനു പകരം ശക്തിപ്പെടുത്താൻ കഴിയും.”

Previous articleബെര്‍ഗന്‍ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കള്‍
Next articleഫോമാ വിമന്‍സ് സമ്മിറ്റ് രജിസ്ട്രേഷൻ സെപ്റ്റംബർ 15 വരെ നീട്ടി

Leave a Reply