Home യൂറോപ്പ് അയർലണ്ട് മുഴുവനും ഇനി Rent Pressure Zone (RPZ) ; നിയമത്തിന് അംഗീകാരം നൽകി സർക്കാർ

അയർലണ്ട് മുഴുവനും ഇനി Rent Pressure Zone (RPZ) ; നിയമത്തിന് അംഗീകാരം നൽകി സർക്കാർ

183
0

രാജ്യമെമ്പാടുമായി rent pressure zones (RPZ) വ്യാപിപ്പിക്കാനുള്ള നിയമത്തിന് അംഗീകാരം നല്‍കി സര്‍ക്കാര്‍. Residential Tenancies (Amendment) Bill 2025 ഉടന്‍ നിയമമാക്കി മാറ്റുമെന്ന് ഭവനമന്ത്രി James Browne പറഞ്ഞു. ഇതോടെ നിയമം നടപ്പില്‍ വരുന്ന ദിവസം മുതല്‍ 2026 ഫെബ്രുവരി 28 വരെ, നിലവില്‍ rent pressure zone അല്ലാത്ത പ്രദേശങ്ങളും rent pressure zones (RPZ) ആയി മാറും. നിലവിലെ RPZ പ്രദേശങ്ങള്‍ രണ്ട് മാസം കൂടി അതായത് 2026 ഫെബ്രുവരി 28 വരെ അതേപടി തുടരുകയും ചെയ്യും. വാടക വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള പ്രദേശങ്ങളില്‍ വാടക വര്‍ദ്ധനയ്ക്ക് നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ 2016-ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന rent pressure zone നിയന്ത്രണം ഈ വര്‍ഷം ഡിസംബര്‍ 31-ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.

RPZ-ന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ വാടകനിരക്ക് വര്‍ഷം 2 ശതമാനമോ, അല്ലെങ്കില്‍ പണപ്പെരുപ്പത്തിന് ആനുപാതികമായോ മാത്രമേ വര്‍ദ്ധിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇവയില്‍ ഏതാണോ കുറവ് അതാണ് വാടകവര്‍ദ്ധനയുടെ അടിസ്ഥാനമാക്കി കണക്കാക്കുക. ആവശ്യക്കാര്‍ കൂടുമ്പോള്‍ വാടക വര്‍ദ്ധിപ്പിക്കുന്ന പരിപാടി നടക്കില്ല എന്നര്‍ത്ഥം. അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് ഏറെ ഉപകാരപ്രമാണ് ഈ നിയമം. രാജ്യത്തെ 166 ഇലക്ടറല്‍ ഏരിയകളിലെ 111 ഇടങ്ങളിലും RPZ നിലവിലുണ്ട്. ബാക്കിയുള്ളവയെ കൂടി ഉള്‍പ്പെടുത്തി 2026 ഫെബ്രുവരി 28 വരെ നിയന്ത്രണം നീട്ടുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ശേഷം 2026 മാര്‍ച്ച് 1 മുതല്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും വാടക നിരക്ക് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിന് മുമ്പ് വീട്ടുടമസ്ഥര്‍ വാടക വര്‍ദ്ധിപ്പിക്കുന്നത് തടയാനാണ് നിയമം 2026 ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നത്. നിലവിലെ RPZ നിയമം കാരണം രാജ്യത്ത് സ്വകാര്യ കമ്പനികളും മറ്റും വാടകവീടുകള്‍ നിര്‍മ്മിക്കുന്നത് കുറച്ചുവെന്ന് വാദമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് നിലവിലെ നിയമം പരിഷ്‌കരിച്ച് മാര്‍ച്ച് 1 മുതല്‍ രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാടകക്കാരെ സംരക്ഷിക്കുന്നതിനുള്ള പരിഷ്‌കാരങ്ങളും ഇതോടൊപ്പമുണ്ടാകും.

Previous articleഇയുവിൽ ജീവിതച്ചെലവ് ഏറ്റവുമേറിയ രണ്ടാമത്തെ രാജ്യം അയർലണ്ട് ; ഭക്ഷണം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഇയു ശരാശരിക്ക് മുകളിൽ വില
Next articleനോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന് പുതിയ നേതൃത്വം

Leave a Reply