യുഎസിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിടുകയാണെങ്കിൽ അവരുടെ യാത്രാചെലവും കൂടാതെ 1,000 ഡോളറും (ഏകദേശം 83,000 രൂപ) നൽകുന്ന പുതിയ പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു CBP Home എന്ന ആപ്പ് ഉപയോഗിച്ച് ‘Intent to Depart’ (രാജ്യം വിടാനുള്ള ഉദ്ദേശം) രജിസ്റ്റർ ചെയ്താൽ, കുടിയേറ്റക്കാർ ഡിറ്റൻഷനും അറസ്റ്റും ഒഴിവാക്കാൻ കഴിയും. കുടിയേറ്റക്കാർ അവരുടെ നാട്ടിലേക്ക് മടങ്ങിയതായി സ്ഥിരീകരിച്ച ശേഷം മാത്രമേ പണം നൽകുകയുള്ളൂ. അനധികൃത കുടിയേറ്റക്കാരെ സ്വമേധയാ രാജ്യം വിടാൻ പ്രോത്സാഹിപ്പിച്ച്, ചെലവ് കുറയ്ക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയെ പിടികൂടി, തടവിലാക്കി, നാടുകടത്താൻ ശരാശരി 17,000 ഡോളർ ചെലവാകുമ്പോൾ, ഈ പദ്ധതി വഴി 70% വരെ ചെലവ് കുറയ്ക്കാമെന്നാണ് ഡിപാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വിലയിരുത്തൽ ഈ പദ്ധതിയിലൂടെ നികുതിദായകർക്ക് വലിയ തുക ലാഭിക്കാൻ സാധിക്കുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ ഇത് നടപ്പാക്കാൻ സാധിക്കുമെന്നാണ് DHS പറയുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ കൂടുതൽ കർശനമായ നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. ട്രംപിൻ്റെ രണ്ടാം വരവിലെ ആദ്യ 100 ദിവസത്തിനുള്ളിൽ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഏകദേശം 66,000 അനധികൃത കുടിയേറ്റക്കാരെ ഇതിനോടകം നാടുകടത്തി.













