Home ഗൾഫ് കുവൈത്തിൽ പുരുഷന്മാർക്കായി ആദ്യ പ്രവാസി തൊഴിലാളി അഭയകേന്ദ്രം തുറന്നു

കുവൈത്തിൽ പുരുഷന്മാർക്കായി ആദ്യ പ്രവാസി തൊഴിലാളി അഭയകേന്ദ്രം തുറന്നു

302
0

കുവൈത്ത് സിറ്റി : കുവൈത്തിൽ പുരുഷന്മാരായ പ്രവാസി തൊഴിലാളികൾക്കായി പുതുതായി നിർമിച്ച അഭയ കേന്ദ്രം ഹവല്ലിയിൽ പ്രവർത്തനം ആരംഭിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ രക്ഷാകർത്വത്തിൽ നിർമിച്ച ഈ അഭയ കേന്ദ്രം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് ഉദ്ഘാടനം ചെയ്തു. 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ 200 ലധികം പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്. കേന്ദ്രത്തിൽ കിടപ്പുമുറികൾ, സ്പോർട്സ് കോർട്ടുകൾ, ഹാളുകൾ, ആരാധനാ മുറികൾ, മെഡിക്കൽ ക്ലിനിക്, റെസ്റ്റോറന്റ്, കേന്ദ്രീകൃത അടുക്കള തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു. ഇത് വിപുലീകരിക്കാനുള്ള സാധ്യതകളോടെയാണ് നിർമിച്ചിരിക്കുന്നത്. ഗാർഹിക- സ്വകാര്യ കമ്പിനികളിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് നേരിട്ടോ, അല്ലെങ്കിൽ എംബസികൾ, സർക്കാർ അംഗീകൃത സാമൂഹിക സംഘടനകൾ മുഖേനയോ ഈ അഭയ കേന്ദ്രത്തെ സമീപിക്കാം.

ഈ കേന്ദ്രം ആഭ്യന്തര-ജുഡീഷ്യൽ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ ജലീബ് അൽ ജുവൈഖ് കേന്ദ്രമായി ഒരു വനിതാ അഭയ കേന്ദ്രം അഞ്ച് വർഷമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഉദ്ഘാടന ചടങ്ങിൽ വിവിധ എംബസികളിൽ നിന്നുള്ള സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, സോഷ്യൽ വർക്ക് സൊസൈറ്റി, കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ്, കുവൈത്ത് ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫ്രണ്ട്ഷിപ്പ് സൊസൈറ്റി, പേഷ്യന്റ്സ് ഹെൽപ്പിംഗ് ഫണ്ട് സൊസൈറ്റി, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.ഈ അഭയ കേന്ദ്രം പ്രവാസികൾക്ക് സുരക്ഷിതമായ താമസവും അടിയന്തിര സേവനങ്ങളും നൽകി, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഘട്ടമാണ്. കുവൈത്ത് സർക്കാർ മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹിക നീതിക്കും നൽകുന്ന പ്രാധാന്യത്തിന്റെ ഒരു ഉദാഹരണമാണിത്.

Previous articleവനിതകലാ സാഹിതി യുഎഇ കൺവൻഷൻ നടത്തി
Next articleമലയാളി വിദ്യാർഥിനി ജർമനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ ; രാജ്യത്തെത്തിയത് രണ്ട് വർഷംമുൻപ്

Leave a Reply