വിയന്ന : ഓസ്ട്രിയയിലെ ( Austria) ക്നാനായ സമൂഹത്തിന്റെ (Catholic community) ഈസ്റ്റർ ആഘോഷം ( Easter) വിയന്നയിലെ പുരാതനമായ ആൾട്മാൻസ്ഡോർഫെർ ദേവാലയ ഹാളിൽ നടന്നു. ജർമനിയിൽനിന്നും, സ്വിറ്റ്സർലൻഡിൽനിന്നും, നോർവെയിൽ നിന്നും എത്തിയ ക്നാനായ കുടുംബങ്ങൾആഘോഷത്തിൽ പങ്കെടുത്തു. വിയന്നയിൽ സേവനത്തിനായി എത്തിയ, സി. നോയൽ അത്താണിക്കലിനെ ക്നാനായ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. ഈസ്റ്റർ പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഓർമ്മപ്പെടുത്തൽ തിരുനാൾ ആണെന്നും പ്രശ്നങ്ങളില്ലാത്തവരല്ല ജീവിതത്തിൽ വിജയിച്ചവർ, മറിച്ച് പ്രശ്നങ്ങളെ അതിജീവിച്ചവരാണെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത സി. നോയൽ (SRA- Missionary Sisters of the Queen of the Apostles) പറഞ്ഞു.
യേശു ഉയിർത്തെഴുന്നേറ്റുവെന്നും യേശു ജീവിച്ചിരിക്കുന്നുവെന്നും സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് പ്രഖ്യാപിക്കാനും അതിന് സാക്ഷ്യം നൽകാനും ഓരോരുത്തർക്കും സാധിക്കട്ടെയെന്നും ഈസ്റ്റർ സന്ദേശത്തിൽ കപ്ലാൻ ഫാ. ഡിൻടോ ജോസ് പ്ലാക്കൽ പറഞ്ഞു. യുവജനങ്ങളും കിഡ്സ് ക്ലബ് കുരുന്നുകളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും പഴംപാട്ടിന്റെ ഈരടികൾകൊണ്ടും ആവേശം നിറഞ്ഞ സ്നേഹ കൂട്ടായ്മയിൽ കലാപരിപാടിയിൽ പങ്കെടുത്തവർക്കും മത്സരഇനങ്ങളിൽ ജയിച്ചവർക്കും സമ്മാനം നൽകി. യുവജന വിഭാഗം അവതരിപ്പിച്ച റീമിക്സ് നൃത്തം ശ്രദ്ധേയമായി. ആഘോഷ പരിപാടികൾ വിജയിപ്പിക്കാൻ 2023-ലെ സെന്റ് കുര്യാക്കോസ് ടീമിന്റെ ശ്രമം അഭിനന്ദനാർഹമായി.
ഈസ്റ്റർ ദിനത്തിൽ ഒത്തുകൂടിയ എല്ലാവർക്കും ഓസ്ട്രിയയിലെ ക്നാനായ കത്തോലിക് കമ്മ്യൂണിറ്റി പ്രസിഡന്റ് എബ്രഹാം കുരുട്ടപറമ്പിൽ സ്വാഗതവും ആശംസിച്ചു. സെക്രട്ടറി നദീന പുത്തൻപുരയിൽ കോറുമഠം നന്ദി രേഖപ്പെടുത്തി. ജോനാ തറമംഗലവും നിഖിത ഇടപ്പള്ളിചിറയിലും ചടങ്ങിന്റെ അവതാരകരായിരുന്നു. സ്‌നേഹവിരുന്നോടെ ചടങ്ങുകൾ അവസാനിപ്പിച്ചു.













