ന്യൂയോര്‍ക്ക് : ലോങ്ങ് ഐലന്‍ഡ് ഈസ്റ്റ് മെഡോയില്‍ പ്രവര്‍ത്തിക്കുന്ന നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ (എന്‍.യു.എം.സി) കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച ഡയറക്ടര്‍ ബോര്‍ഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞു. 2021-ല്‍ നാസ്സോ കൗണ്ടി എക്‌സിക്യൂട്ടീവ് ആയിരുന്ന ലോറ കുറാന്‍ അജിത്തിന്റെ പ്രഗല്‍ഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എന്‍.യു.എം.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായി നിയമിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യന്‍ വംശജന് ഇത്തരം ഒരു പദവി ലഭിക്കുന്നത്. ഇത് തികച്ചും ഒരു പൊളിറ്റിക്കല്‍ നിയമനമാണെങ്കിലും മലയാളീ സമൂഹത്തില്‍ നിന്നും ഇതുവരെ ആര്‍ക്കും ലഭിക്കാത്ത പദവിയും അംഗീകാരവുമായിരുന്നു അന്ന് അജിത്തിനെ തേടിയെത്തിയത്. 2021-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു നാസ്സോ കൗണ്ടി ഭരണം. 2021 നവംബര്‍ 2-ന് നടന്ന തെരഞ്ഞെടുപ്പില്‍ ലോറ കുറാനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ബ്രൂസ് ബ്ലേയ്ക്ക്മാന്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഡെമോക്രാറ്റ് പാനലില്‍ നിയമിതനായ അജിത്തിന് പ്രസ്തുത സ്ഥാനത്ത് തുടരുന്നതിന് ഒരു തടസ്സവും ഉണ്ടായില്ല.
ലോങ്ങ് ഐലന്‍ഡിലെ ഒരേയൊരു പബ്ലിക് സേഫ്റ്റി നെറ്റ് ആശുപത്രിയായ എന്‍.യു.എം.സി ഹോസ്പിറ്റലിന്റെ കീഴില്‍ വിവിധ സ്‌പെഷ്യലിറ്റികളുള്ള 530 ബെഡ് ഹോസ്പിറ്റല്‍ സമുച്ചയത്തില്‍ മെഡിക്കല്‍ റെസിഡന്‍സി, 911 പോലീസ് കണ്‍ട്രോള്‍ യുണിറ്റ്, ഹെലിപാഡ്, നാസ്സോ കൗണ്ടി ജയില്‍, യൂണിയന്‍ ഡെയ്ലില്‍ സ്ഥിതി ചെയ്യുന്ന 589 ബെഡിന്റെ എ. ഹോളി പാറ്റേഴ്‌സണ്‍ എക്‌സ്റ്റെന്‍ഡഡ് കെയര്‍ നേഴ്‌സിങ് ഹോം യൂണിറ്റ് തുടങ്ങിയവയെല്ലാം 14 അംഗങ്ങള്‍ മാത്രമടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഗവര്‍ണ്ണര്‍, കൗണ്ടി എക്‌സിക്യൂട്ടീവ്, സെനറ്റ് മജോറിറ്റി ലീഡര്‍ എന്നിവര്‍ക്കാണ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നിയമനം നടത്തുവാനുള്ള അധികാരം. വോട്ടവകാശമുള്ള ആകെ 14 ബോര്‍ഡ് അംഗങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നത് 7 റിപ്പബ്ലിക്കന്‍ നിയമിതനും 7 ഡെമോക്രാറ്റിക് നിയമിതനും ആയിരുന്നു. അജിത്തിന്റെ വിരമിക്കല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിലവിലുള്ള സമനിലയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 2021-ല്‍ ബോര്‍ഡ് മെമ്പര്‍ ആയി അജിത് സ്ഥാനം ഏല്‍ക്കുമ്പോള്‍ സത്യവാചകം ചൊല്ലിക്കൊടുത്ത് ഓത്ത് എടുപ്പിച്ചത് അന്നത്തെ ജനറല്‍ കൗണ്‍സില്‍ ആയിരുന്ന അറ്റോര്‍ണി മേഗന്‍ റയാന്‍ ആയിരുന്നു. എന്‍.യു.എം.സി-യുടെ ഇപ്പോഴത്തെ സി.ഇ.ഓ ആയി പ്രവര്‍ത്തിക്കുന്നത് മേഗന്‍ ആണ്.
ഹോസ്പിറ്റലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, ആശുപത്രിയിലേക്ക് ആവശ്യമുള്ള വിവിധ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അംഗീകാരം നല്‍കുക, കോണ്‍ട്രാക്ടുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി അത് അംഗീകരിച്ച് നടപ്പിലാക്കുക തുടങ്ങി നിരവധി കാര്യങ്ങളില്‍ തീര്‍പ്പു കല്പിക്കുന്നതും ഡയറക്ടര്‍ ബോര്‍ഡ് ആണ്. അജിത് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന കാലഘട്ടത്തില്‍ ഹോസ്പിറ്റലിന്റെ സി.ഇ.ഓ, സി.എഫ്.ഓ എന്നിവരെ ഡയറക്ടര്‍ ബോര്‍ഡ് പുതുതായി നിയമിക്കുകയുണ്ടായി. കൂടാതെ പുതിയ കാത്ത് ലാബ്, പീഡിയാട്രിക് സൈക്കിയാട്രി ഫെസിലിറ്റിയുടെ വികസനം, ഔട്‌പേഷ്യന്റ് വിഭാഗത്തിനായി റെസ്റ്റോറന്റ്, കോഫി ഷോപ് എന്നിവയെല്ലാം ഹോസ്പിറ്റലിന്റെ വികസനത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കാല്‍വെയ്പുകളായിരിക്കെ അതിലെല്ലാം പങ്കാളിയാകുവാന്‍ തനിക്കു കിട്ടിയ അവസരത്തിന് അത്യധികം ചാരിതാര്‍ഥ്യം ഉണ്ടെന്നു അജിത് പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം രണ്ടര ലക്ഷത്തോളം രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ഈ സ്റ്റേറ്റ് ഫണ്ടഡ് പബ്ലിക് ഹോസ്പിറ്റല്‍ ലോങ്ങ് ഐലന്‍ഡിലെ ആയിരക്കണക്കിന് രോഗികളുടെ ആശയും അവലംബവുമാണ്. ഇവിടെ ജോലി ചെയ്യുന്ന 3500-ല്‍ പരം ജോലിക്കാരില്‍ നല്ല ശതമാനം ഇന്ത്യക്കാരും അതില്‍ ഏറെ മലയാളികളുമാണ്.
തീപൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്കായി അമേരിക്കയിലെ തന്നെ ഒന്നാമതായി നില്‍ക്കുന്ന പ്രശസ്തമായ ബേണ്‍ ആന്‍ഡ് ട്രോമാ സെന്റര്‍ എന്‍.യു.എം.സി-ക്ക് സ്വന്തമാണ്. ബോര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ വളരെയധികം കമ്മ്യൂണിറ്റി പ്രവര്‍ത്തനം നടത്തുവാനും സമൂഹത്തിലുള്ള പലര്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ നല്‍കുവാനും അവസരം ലഭിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും അജിത് രേഖപ്പെടുത്തി. ന്യൂയോര്‍ക്കിന്റെ ആദ്യത്തെ സൗത്ത് ഏഷ്യന്‍ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, എന്‍.യു.എം.സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ബ്രൂഡര്‍മാന്‍, സി.ഇ.ഒ മേഗന്‍ റയാന്‍, നാസ്സോ കൗണ്ടി എക്‌സിക്യൂട്ടീവ് ബ്ലെയ്ക്ക്മാന്റെ ചീഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ആര്‍തര്‍ വാല്‍ഷ് എന്നിവരും മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങങ്ങളും ഹോസ്പിറ്റല്‍ ജീവനക്കാരും അജിത്തിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ശ്ലാഘനീയമായി അനുമോദിക്കുകയും അതിനോടുള്ള നന്ദിയും സന്തോഷവും അറിയിക്കുകയും ചെയ്തു. നാസ്സോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം സ്ഥാനം ഒഴിയുന്ന അജിത് മറ്റ് പല പദവികളും അലങ്കരിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. സെനറ്റര്‍ കെവിന്‍ തോമസിന്റെ കമ്മ്യൂണിറ്റി ലയസണ്‍ മെമ്പറായും ഫോമാ സിവില്‍ & പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായും തന്റെ സാമൂഹിക പ്രവര്‍ത്തനം മുന്‍പോട്ട് നയിക്കുന്നു.
കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (KCANA) പ്രസിഡന്റ്, മാസ്സപ്പെക്വ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് പള്ളി സെക്രട്ടറി, ഫോമാ യൂത്ത് ഫോറം നാഷണല്‍ ചെയര്‍മാന്‍ എന്നീ പദവികളിലും കഴിഞ്ഞ പല വര്‍ഷങ്ങളില്‍ സ്തുത്യര്‍ഹ സേവനം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷമായി ന്യൂയോര്‍ക്ക് സിറ്റി ഗവണ്‍മെന്റ് ഐ.ടി. ഡിപ്പാര്‍ട്‌മെന്റില്‍ മാനേജര്‍ ആണ്. മുവാറ്റുപുഴ കടാതിയില്‍ നിന്നും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചുകുടിയില്‍ എബ്രഹാമിന്റെയും അന്നകുഞ്ഞിന്റെയും മൂന്നു മക്കളില്‍ ഏക പുത്രനാണ് അജിത് കൊച്ചൂസ്. അഞ്ചു, മഞ്ജു എന്നിവര്‍ രണ്ട് സഹോദരിമാര്‍. ഭാര്യ ജയാ വര്‍ഗ്ഗീസ് ലോങ്ങ് ഐലന്‍ഡിലെ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരിയാണ്. ലോങ്ങ് ഐലന്‍ഡിലെ സ്മിത്ത് ടൗണില്‍ സ്ഥിര താമസമാക്കിയ അജിത്-ജയാ ദമ്പതികള്‍ക്ക് അലന്‍, ഇസബെല്‍, റയാന്‍ എന്നീ മൂന്നു മക്കളുമുണ്ട്.
മാത്യുക്കുട്ടി ഈശോ














