ബംഗളൂരു: മൈസൂരു യെറഗനഹള്ളിയിൽ ഭർത്താവും ഭാര്യയും രണ്ട് പെൺമക്കളും പാചകവാതകം ചോർന്ന് വീട്ടിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുമാർ (45), ഭാര്യ മഞ്ജുള (39), മക്കൾ അർച്ചന (20), സ്വാതി (18) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി സംഭവിച്ചു എന്ന് കരുതുന്ന ദുരന്തം ബുധനാഴ്ചയാണ് പുറത്തറിഞ്ഞത്. ചിക്കമഗളൂരു ജില്ലയിൽ സഖരായപട്ടണം സ്വദേശിയായ കുമാറും കുടുംബവും യെറഗനഹള്ളിയിലെ കൊച്ചുവീട്ടിലാണ് താമസം. ഭാര്യയും ഭർത്താവും ചേർന്ന് വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയാണ് ജീവിച്ചത്. മരിച്ച മക്കളിൽ അർച്ചന എം.കോം, സ്വാതി ബി.കോം വിദ്യാർഥികളാണ്.
ജന്മനാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ആഴ്ച മുമ്പ് പോയ കുടുംബം തിങ്കളാഴ്ചയാണ് തിരിച്ചെത്തിയതെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. അടുത്ത ദിവസം പുറത്ത് ആരെയും കണ്ടില്ല. രണ്ടു ദിവസമായി കുമാറിന്റെ കുടുംബത്തിന്റെ വിവരം അറിയാത്തതിനാൽ ബന്ധുവായ ഭാരതി ബുധനാഴ്ച അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.












