ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചാല്‍ വൈസ് പ്രസിഡന്റ് ആകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംരംഭകന്‍ വിവേക് രാമസ്വാമി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ നിന്ന് നേരത്തെ വിവേക് പിന്‍മാറിയിരുന്നു.
പിഡിബി പോഡ്കാസ്റ്റില്‍ പങ്കെടുക്കവെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. ട്രംപ് വിജയിക്കുകയും വൈസ് പ്രസിഡന്റാകാന്‍ വിവേകിനോട് ആവശ്യപ്പെടുകയും ചെയ്താല്‍ എന്തുചെയ്യുമെന്ന അവതാരകന്‍ പാട്രിക് ബെറ്റ്-ഡേവിഡിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിവേക്.
ട്രംപുമായി തനിക്ക് നല്ല ബന്ധം ഉണ്ടെന്നും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നുവെന്നും വിവേക് എടുത്തുപറഞ്ഞു. ‘ഞാനല്ല, ട്രംപല്ല ആദ്യം, അമേരിക്കയാണ് ആദ്യം,’ രാമസ്വാമി പറഞ്ഞു. അമേരിക്കയില്‍ ജനിച്ചയാളാണ് താന്‍. മറ്റ് അമേരിക്കക്കാര്‍ എത്രത്തോളം അമേരിക്കക്കാരാണോ അത്രത്തോളം തന്നെ താനും യുഎസ് പൗരനാണെന്നും വിവേക് പറഞ്ഞു.
റിപ്പബ്ലിക്കന്‍മാരോടൊപ്പം ട്രംപിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹഷ് മണി ട്രയലില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയതായിരുന്നു വിവേക് രാമസ്വാമി.











