പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നമ്ബൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരൻ നമ്ബൂതിരി താക്കോല്‍ ഏറ്റുവാങ്ങി അവിടുത്തെ നടയും തുറക്കും. തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും.
നിയുക്ത ശബരിമല മേല്‍ശാന്തി പി എൻ മഹേഷ് നമ്ബൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി നമ്ബൂതിരി എന്നിവരെ സന്നിധാനത്തേക്ക് ആനയിക്കും. ഇതിനുശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ദീപാരാധനയ്ക്കു ശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ 17-ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക്ഒ ന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും.











