തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്നും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും ആൻഡമാൻ നിക്കോബര്‍ ദ്വീപിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വ്യാഴാഴ്ചയോടെ മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തെക്കു-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ ശക്തിപ്രാപിക്കുന്നത്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് രാത്രി 11.30 വരെ 1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.











