കൊച്ചി : സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിയന്ത്രണം തുടരും. എന്നാല്‍ സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെടിക്കോപ്പുകള്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. അസമയത്തെ വെടിക്കെട്ട് നിരോധിച്ച ജസ്റ്റിസ് അമിത് റാവലിൻ്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് വെട്ടിക്കെട്ടുമായി ബന്ധപ്പെട്ട സമയക്രമത്തിലും വ്യക്തത വരുത്തി. സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ വെടിക്കെട്ടിനുള്ള നിരോധനം തുടരും.
എന്നാല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ ആചാരങ്ങള്‍ പരിഗണിച്ച് സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇളവുകള്‍ നല്‍കാം. എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നാലാഴ്ചയ്ക്കുള്ളില്‍ കേസിലെ എല്ലാ എതിര്‍കക്ഷികളും സത്യവാങ്മൂലം നല്‍കണം. ഇക്കാര്യം പരിശോധിച്ച് സിംഗിള്‍ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എ ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു.അതേസമയം സുപ്രിംകോടതി ഉത്തരവിന്‍റെ സംരക്ഷണം ഉള്ളതിനാല്‍ തൃശൂര്‍ പൂരത്തെ ഉത്തരവ് ബാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ച് അസമയത്തെ വെടിക്കെട്ട് നിരോധിച്ച് ഉത്തരവിറക്കിയത്.ഇത് ഹരജിയുടെ പരിധിക്ക് പുറത്ത് വരുന്ന ഉത്തരവാണെന്നായിരുന്നു സര്‍ക്കാരിൻ്റെ വാദം.












