Home അമേരിക്ക ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങി

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിനായി മയാമി ഒരുങ്ങി

507
0

മയാമി: ഫ്ളോറിഡ ഇന്‍ മയാമി വെസ്റ്റില്‍ നവംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാല് ദിവസത്തെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ഇന്ത്യയിലെയും അമേരിക്കയിലെയും മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുകൂടുകയാണ്. ആനുകാലിക വിഷയങ്ങള്‍ ഏറെ ഉള്ളതിനാല്‍ ചുടുപിടിച്ച ചര്‍ച്ചകള്‍ തന്നെയാകും സമ്മേളനത്തിലുടനീളം. മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന മുന്‍നിര മാധ്യമ പ്രവര്‍ത്തകര്‍ അണിനിരക്കുമ്പോള്‍ സമ്മേളനത്തിന്റെ പ്രസക്തി കൂടും.

മുമ്പെങ്ങുമില്ലാത്ത രജിസ്ട്രേഷനാണ് മയാമി സമ്മേളനത്തില്‍ നടന്നിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസും കണ്‍വീനര്‍ അനില്‍ ആറന്മുളയും അറിയിച്ചു. നാളിതുവരെ കാത്തുസൂക്ഷിച്ച കെട്ടുറപ്പിന്റെയും കൂട്ടായ്മയുടെയും വിജയപ്രതീകമായിരിക്കും മയാമി സമ്മേളനമെന്ന് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ് പറഞ്ഞു. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എല്ലാ സമ്മേളനങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ പുതിയ ദിശാബോധം നല്‍കുന്നതായിരുന്നു. അതുപോലെ ഈ സമ്മേളനവും അര്‍ത്ഥപൂര്‍ണമായി മാറുമെന്ന് ഉറപ്പാണെന്നും ബിജു കിഴക്കേക്കൂറ്റ് അറിയിച്ചു.

സമ്മേളനത്തിന് പിന്തുണ നല്‍കി അമേരിക്കയിലെ എല്ലാ നഗരങ്ങളില്‍ നിന്നുമുള്ള വിവിധ സംഘടനാ നേതാക്കളും മയാമി സമ്മേളനത്തിലേക്ക് എത്തുന്നുണ്ട്. രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ ഏവരെയും സ്വാഗതം ചെയ്തുകൊണ്ടാണ് മയാമി സമ്മേളനം ഇക്കുറിയും നടക്കുന്നത്. നവംബര്‍ 3, 4 തിയതികളില്‍ (വെള്ളി, ശനി) രാവിലെ പത്ത് മണി മുതല്‍ രാത്രി 10 മണിവരെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും നടക്കും. ഏറെ പ്രസക്തമായ അഞ്ച് വിഷയങ്ങളാണ് സെമിനാറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം വിവിധ കലാപരിപാടികളും അരങ്ങറും.

കേരളത്തില്‍ നിന്നും യുവ നേതാവ് ചാണ്ടി ഉമ്മന്‍ എം.എല്‍.എ, പാട്ടുകാരിയും എംഎല്‍എയുമായ ദലീമ ജോജോ, കവി മുരുകന്‍ കാട്ടാക്കട, പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ദ കാരവന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ് , പി.ജി.സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), സ്മൃതി പരുത്തിക്കാട് (റിപ്പോര്‍ട്ടര്‍ ടി.വി), ശരത് ചന്ദ്രന്‍ (കൈരളി ന്യൂസ്), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്), ഷിബു കിളിത്തട്ടില്‍ (ദുബായ് എഫ്.എം), പി.ശ്രീകുമാര്‍ (ജന്മഭൂമി), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യൂസ്) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍. ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും പങ്കെടുക്കും.

Previous article‘എന്‍റെ മുത്തശ്ശി, എന്‍റെ ശക്തി ! നിങ്ങള്‍ ജീവൻ നല്‍കിയ ഇന്ത്യയെ ഞാൻ സംരക്ഷിക്കും’ ; ഇന്ദിര ഗാന്ധിയുടെ ഓര്‍മയില്‍ രാഹുല്‍ ഗാന്ധി
Next articleഹമാസിന് പിന്നാലെ പോയില്ലെങ്കില്‍ ഹമാസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പിന്നാലെ വരും; ഇസ്രയേല്‍ വിദേശകാര്യ വക്താവ്

Leave a Reply