അമേരിക്ക-ചൈന സംഘർഷത്തിൽ അയവുവരാത്ത സാഹചര്യത്തിൽ ആപ്പിളിന്റെ പാർട്ട്ണർ കമ്പനിയും ഐ ഫോൺ നിർമാതക്കളുമായ ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പ് ചൈനയിലെ പ്ലാന്റ് ഇന്ത്യയിലേക്ക് സ്ഥാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ 700 ദശലക്ഷം ഡോളർ (570000 കോടി രൂപ) നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതായാണ് വാർത്ത ആപ്പിൾ ഫോൺ നിർമാതാക്കളിൽ മുൻനിര കമ്പനിയായ തായ്വാൻ കമ്പനി ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്ട്രി ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപമുള്ള 300 ഏക്കർ സ്ഥലത്ത് ഐഫോൺ പാർട്സുകൾ നിർമ്മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കൂടാതെ ഫോക്സ്കോൺ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങൾ നിർമിക്കാനും പദ്ധതിയിടുന്നു. ഇന്ത്യയിൽ ഫോക്സ്കോൺ നിക്ഷേപിക്കുന്ന ഏറ്റവും വലിയ പദ്ധതിയായിരിക്കുമിത്. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉൽപ്പാദകർ എന്ന ചൈനയുടെ പദവിക്ക് തിരിച്ചടി കിട്ടുന്നതാണ് ഫോക്സ്കോണിന്റെ നീക്കം. ചൈനക്ക് പകരം ഇന്ത്യയും വിയറ്റ്നാമും അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപിക്കാനാണ് ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾ ശ്രമിക്കുന്നത്.











