തൃശൂര്‍ : ദിനംപ്രതി കൂടുകയാണ് ചൂട്. ഈ മാസം ആദ്യവാരം കഴിയുമ്ബോള്‍തന്നെ ഉഷ്ണം പാരമ്യത്തിലേക്ക് കുതിക്കുകയാണ്. നേരേത്ത നഗര ഉഷ്ണത്തുരുത്തുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഗ്രാമങ്ങളും ചൂടില്‍ വേവുകയാണ്. പകലും രാത്രിയും തമ്മിലെ അന്തരവും കുറയുകയാണ്. അടുത്ത ദിവസങ്ങളില്‍ ചൂട് അഞ്ചുഡിഗ്രി സെന്റിഗ്രേഡ് വരെ കൂടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ കനത്തചൂടുണ്ടാവില്ലെന്ന കേന്ദ്ര കാലാവസ്ഥ പ്രവചനംപോലും അസ്ഥാനത്താക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉഷ്ണമേഖലേതര പടിഞ്ഞാറന്‍ കാറ്റുകള്‍ (എസ്.ടി.ജെ) അന്തരീക്ഷത്തില്‍നിന്ന് താഴോട്ടിറങ്ങി മധ്യമേഖലയില്‍ സൃഷ്ടിക്കുന്ന വികേന്ദ്രീകൃത വായു സമ്മര്‍ദമാണ് (ചക്രവാതച്ചുഴി) പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നത്. ഡാമുകള്‍ വറ്റുന്ന, പുഴകള്‍ മെലിയുന്ന ഈ സാഹചര്യത്തില്‍ വേനല്‍ ആദ്യത്തില്‍തന്നെ കേരളം വേഴാമ്ബലാവുകയാണ്. മാര്‍ച്ചില്‍ ചുരുങ്ങിയത് ഒരുമഴ കേരളം പ്രതീക്ഷിക്കുന്നുണ്ട്. ചിലപ്പോഴത് രണ്ടാവാം.
രണ്ടാം വാരത്തില്‍ ആദ്യമഴ ലഭിക്കുന്ന പ്രതീക്ഷ പുലര്‍ത്തുന്ന കാലാവസ്ഥ ഗവേഷകരുണ്ട്. അന്തരീക്ഷ ആര്‍ദ്രത തീരെ കുറഞ്ഞ ഫെബ്രുവരിയില്‍നിന്നും മാര്‍ച്ചില്‍ ഉണ്ടായ മാറ്റമാണ് മഴ പ്രതീക്ഷ നിലനിര്‍ത്തുന്നത്. കാലാവസ്ഥ വ്യതിയാന നാളുകളില്‍ ഇത് കൃത്യമായി പ്രവചിക്കാന്‍ അസാധ്യമാണെന്ന നിഗമനവും ഇക്കൂട്ടര്‍ വെച്ചുപുലര്‍ത്തുന്നു. അതേസമയം, മാര്‍ച്ചിന് പിന്നാലെ ഏപ്രിലും ചതിച്ചാല്‍ വാരാനിരിക്കുന്നത് കൊടും വരള്‍ച്ചയാവും. 2015ലും 2016ലും കേരളം അനുഭവിച്ച വരള്‍ച്ച അതികഠിനമായിരുന്നു. ശരാശരി കാലവര്‍ഷവും തുലാവര്‍ഷവും വേനല്‍മഴയും ചതിച്ചതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടുവര്‍ഷം സംസ്ഥാനം വല്ലാതെ വറ്റിവരണ്ടിരുന്നു. അതേസാഹചര്യമാണ് നിലവിലുള്ളത്.
2017ലെ ശരാശരി മഴക്കു പിന്നാലെയാണ് 2018, 2019 വര്‍ഷങ്ങളിലെ പ്രളയവും 2020ലെ മിന്നല്‍പ്രളയവുമൊക്കെ റിപ്പോര്‍ട്ട് ചെയ്തത്. 2021ല്‍ ശീതമാസമായ ജനുവരിയില്‍ മാത്രം 115 മില്ലിമീറ്റര്‍ അധികമഴ ലഭിച്ചിരുന്നു. 2021ല്‍ എല്ലാമാസവും കേരളത്തിന് മഴ ലഭിക്കുകയും ചെയ്തിരുന്നു. അതിതീവ്ര സ്വഭാവം പ്രകടിപ്പിക്കുന്ന ആഗോളതാപന നാളുകളില്‍ കരുതിയിരിക്കുകയല്ലാതെ നിര്‍വാഹമില്ല. ജല വിനിയോഗത്തില്‍ അടക്കം മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സങ്കീര്‍ണമാവും കാര്യങ്ങള്‍.











