
ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനത്തിൽ ഉണ്ടായ ഗുരുതരമായ കോക്പിറ്റ് സംഭവത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി. ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ ആക്രമണത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. ആക്രമണത്തിന്റെ കൃത്യമായ ഉദ്ദേശ്യം സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം തുടരുകയാണ്.
വിമാനം അതിവേഗം ഉയരം നഷ്ടപ്പെട്ട സാഹചര്യത്തിൽ യാത്രക്കാരും ജീവനക്കാരും ഇടപെട്ട് ആക്രമിയെ കീഴ്പ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് തബൂക്കിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരിൽ വലിയ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മുംബൈ സ്വദേശിയായ സ്മിത് മച്ചാർ ഫ്ലൈദുബായ് ബോയിങ് 737 വിമാനങ്ങളിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചുവരുന്നതായും മുൻപ് സ്പൈസ്‌ജെറ്റിൽ ദീർഘകാല സേവനപരിചയം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തെയും സഹപൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.











