ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ സുദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷലഹരിയിൽ. അഷ്ടമി രോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരു നോക്കുകണ്ട് അനുഗ്രഹം വാങ്ങാൻ പതിനായിരങ്ങളാണു ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷവരവുകളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുശേഷവും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരവും ഗുരുവായൂരപ്പൻ അതിവിശേഷ സ്വർണക്കോലത്തിലാണ് എഴുന്നെള്ളുക. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ പിറന്നാൾസദ്യയും നൽകും. 40000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒന്പതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പന്തലിലും തെക്കുഭാഗത്തെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നൽകുക. ഉച്ചയ്ക്കുശേഷം രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്കു സദ്യ നൽകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടാവും.രാത്രി ഒന്പതിനു സാംസ്കാരികസമ്മേളനത്തിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും. രാവിലെ ഒന്പതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. ഘോഷയാത്ര 10.30നാണ്. ഉച്ചയ്ക്ക് 12നു കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ആഘോഷം രാവിലെ ഒന്പതിനു പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നെൻമിനി ബലരാമക്ഷേത്രത്തിന്റെ ഘോഷയാത്ര രാവിലെ ഒന്പതിന് നെൻമിനിയിൽനിന്ന് ആരംഭിച്ച് 10.30നു കിഴക്കേനടയിലെത്തി ദേവസഹോദരസംഗമം നടക്കും. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തും.











