പാലാ: ചെക്ക് കേസില് കോടതി ശിക്ഷിച്ച മാണി സി. കാപ്പൻ എംഎല്എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ഡിഎഫ് പാലായില് ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിന് മുമ്പില്നിന്ന് ആരംഭിച്ച പ്രകടനം എംഎല്എ ഓഫീസിന് മുന്നിൽ അവസാനിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചന് ജോര്ജ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എല്ഡിഎഫ് കണ്വീനര് ബാബു കെ. ജോര്ജ് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, ഔസേപ്പച്ചന് വാളിപ്ലാക്കല് തുടങ്ങിയവര് പ്രസംഗിച്ചു.











