ബിഷ്കേക്: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാംഗ്ഹായ് സഹകരണ സമിതി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി അവസാനം ഇറാൻ-അമേരിക്ക യുദ്ധം തുടങ്ങിയശേഷം ഇരുവരും നേരിടുകാണുന്നത് ഇതാദ്യമാണ്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം വിലയിരുത്തുകയും പരസ്പര സഹകരണം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തുവെന്നാണ് അറിയിപ്പ്. ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ആറു മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെന്നും പരാജയമെന്ന സൂചനയ്ക്കിടെയാണ് പസെഷ്കിയാനും മോദിയും ചർച്ച നടത്തിയത്. ഇറാന്‍റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ഇറാനുമായി ഇടപാടിനു മുതിരുന്ന രാജ്യങ്ങൾ കനത്ത വില നല്കേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാനുമായും മോദി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, സാന്പത്തികം, മരുന്നു നിർമാണം, ശാസ്ത്ര സാങ്കേതികം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്ന് അറിയിപ്പിൽ പറയുന്നു.













