കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്. പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി. ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
Home ഓഷിയാന നേപ്പാളിലെ പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ













