ടെക്സസ്: ഡാളസ് വിഎ കമ്യൂണിറ്റി ലിവിംഗ് സെന്ററിലെ (സിഎൽസി) ക്ലിനിക്കൽ നഴ്സ് ലീഡായ മലയാളി നഴ്സായ ജെസി ചെറുകുന്നത്തിനെ വിഎ നോർത്ത് ടെക്സസ് ഹെൽത്ത് കെയർ സിസ്റ്റം ഫേസസ് ഓഫ് വിഎ പദ്ധതിയുടെ ഭാഗമായി ആദരിച്ചു. ഏകദേശം 40 വർഷത്തെ നഴ്സിംഗ് സേവനപരിചയമുള്ള ജെസി കഴിഞ്ഞ 12 വർഷമായി യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് വെറ്ററൻസ് അഫയേഴ്സിൽ (വിഎ) സേവനം അനുഷ്ഠിക്കുകയാണ്. തന്റെ മകൻ യുഎസ് മറൈൻ സേനാംഗമാണെന്നും വെറ്ററൻമാരെ പരിചരിക്കുന്നത് മകനെ പരിചരിക്കുന്നതുപോലെയാണെന്നുമാണ് ജെസി പറയുന്നത്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഇംഗ്ലണ്ട്, ടെക്സസ് എന്നിവിടങ്ങളിലായി നഴ്സിംഗ് സേവനം ചെയ്ത അനുഭവസമ്പത്താണ് ജെസിക്കുള്ളത്. വിവിധ രാജ്യങ്ങളിലെ ഈ സേവനപരിചയം വെറ്ററൻമാർക്ക് മികച്ച പരിചരണവും കരുതലും നൽകാൻ സഹായിക്കുന്നതായി വിഎ അധികൃതർ ചൂണ്ടിക്കാട്ടി.
വെറ്ററൻമാരോടുള്ള സമർപ്പണബോധത്തിനും മാതൃകാപരമായ സേവനത്തിനുമുള്ള അംഗീകാരമായാണ് ജെസി ചെറുകുന്നത്തിനെ ഫേസസ് ഓഫ് വിഎ പരമ്പരയിൽ ഉൾപ്പെടുത്തി ആദരിച്ചതെന്ന് വിഎ നോർത്ത് ടെക്സസ് ഹെൽത്ത് കെയർ സിസ്റ്റം അറിയിച്ചു.












