വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സമാധാന കരാറിനു തയാറായില്ലെങ്കിൽ ഇറാനെതിരേ വീണ്ടും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിൽ യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാനെതിരേ കടുത്ത ഭീഷണിയുമായി യുഎസ് പ്രസിഡന്റ് രംഗത്തെത്തിയത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ശ്രമിച്ചാൽ ഇറാന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകും. ഹോർമുസിന്റെ നിയന്ത്രണം ഏറ്റെടുക്കാനും യുഎസ് മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നൽകി. ഹോർമുസ് അടച്ചാൽ ഇറാൻ അവശേഷിക്കില്ലെന്നാണ് ഔദ്യോഗിക പ്രതിനിധികളോടു വ്യക്തമാക്കിയതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ലെബനനിലെ ഹിസ്ബുള്ളയുടെ നീക്കങ്ങളെ ഇറാൻ നിയന്ത്രിച്ചില്ലെങ്കിൽ മുന്പത്തേക്കാൾ രൂക്ഷമായ തിരിച്ചടി യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അതേസമയം അമേരിക്കൻ ഭീഷണികൾക്കു മുന്നിൽ വഴങ്ങില്ലെന്ന് ഇറാൻ വക്താവ് മുഹമ്മദ് ബാഖർ ഖാലിബാഫ് പ്രതികരിച്ചു. പ്രസ്താവനകൾ നടത്തുമ്പോൾ യുഎസ് ജാഗ്രത പാലിക്കണമെന്നും ഏതു സാഹചര്യവും നേരിടാൻ ഇറാൻ സുസജ്ജമാണെന്നും ഖാലിബാഫ് പ്രതികരിച്ചു. ഗൾഫ് മേലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാക്കിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സ്വിറ്റ്സർലൻഡിൽ ചർച്ചകൾ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കുന്ന സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.













