Home അമേരിക്ക യുഎസില്‍ വീടുകളുടെ അനിയന്ത്രിത വിലവര്‍ധനവ് തടയാനുളള ബില്‍ സെനറ്റില്‍ പാസാക്കി

യുഎസില്‍ വീടുകളുടെ അനിയന്ത്രിത വിലവര്‍ധനവ് തടയാനുളള ബില്‍ സെനറ്റില്‍ പാസാക്കി

36
0

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീടുകളുടെ വിലയിലുണ്ടാവുന്ന വലിയ വര്‍ധനവ് തടയുന്നതിനും വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ ഒറ്റക്കുടുംബ വീടുകള്‍ വന്‍തോതില്‍ വാങ്ങുന്നത് തടയുന്നതിനുമായുള്ള സുപ്രധാന ഭവന ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി. അഞ്ചിനെതിരേ 85 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകാരം നേടിയത്. ഇനി ബില്‍ പ്രതിനിധി സഭയുടെ (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ്) അംഗീകാരത്തിനായി പോകും. അവിടെ പാസായാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പോടെ ഇത് നിയമമാകും. ട്വിന്റിഫസ്റ്റ് സെഞ്ചുറി റോഡ് ടു ഹൗസിംഗ് ആക്ട് എന്ന പേരിലുളള ഈ നിയമം ജീവിതച്ചിലവ് വര്‍ധിച്ചതിനെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്കിടയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ നേട്ടം നല്കുന്നതാണ്. രാജ്യത്ത് വീടുകളുടെ ലഭ്യത കുറയുകയും വില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ വീടുകളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായ പദ്ധതികളും ഗ്രാന്റുകളും അനുവദിക്കും.ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട അനാവശ്യ ഭരണനടപടികള്‍ കുറയ്ക്കും.പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അനുമതി നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ അധികാരം നല്‍കും.വന്‍ നിക്ഷേപ സ്ഥാപനങ്ങള്‍ ഒറ്റകുടുംബ വീടുകള്‍ വാങ്ങുന്നത് നിയന്ത്രിക്കും

”വീടുകള്‍ ജനങ്ങള്‍ക്കുള്ളതാണ്, കോര്‍പ്പറേറ്റുകള്‍ക്കല്ലെന്ന ആശയവും പ്രചരിപ്പിക്കും. കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് വാങ്ങാനുള്ള അവസരങ്ങള്‍ കുറയുന്നതിനും വീടുകളുടെ വില ഉയരുന്നതിനും ഇത്തരം സ്ഥാപനങ്ങളുടെ വാങ്ങലുകള്‍ കാരണമാകുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സെനറ്റര്‍മാരായ ടിം സ്‌കോട്ട്, എലിസബത്ത് വാറന്‍ എന്നിവരും പ്രതിനിധി സഭാംഗങ്ങളായ ഫ്രഞ്ച് ഹില്‍, മാക്‌സിന്‍ വാട്ടേഴ്‌സ് എന്നിവരുമാണ് പ്രധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഈ വര്‍ഷത്തെ സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ”വന്‍ വാള്‍ സ്ട്രീറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ ആയിരക്കണക്കിന് ഒറ്റകുടുംബ വീടുകള്‍ വാങ്ങുന്നത് തടയണം” എന്ന് പറഞ്ഞിരുന്നു.

Previous articleരാജ്യസഭാ കാലാവധി അവസാനിച്ചു: ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു
Next articleവൈറ്റ് ഹൗസിലെ യുഎഫ്‌സി പരിപാടിക്കിടെ ആക്രമണത്തിന് നീക്കം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Leave a Reply