നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റായ കർദ്ദിനാൾ, പിതൃഭൂമിയിൽനിന്നകന്ന് ദൂരദേശങ്ങളിൽ ജീവിച്ചാലും വിശ്വാസവും പാരമ്പര്യവും അചഞ്ചലമായി കാത്തുസൂക്ഷിക്കുന്ന സീറോ മലബാർ വിശ്വാസികളെ അഭിനന്ദിച്ചുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്.
പരിശുദ്ധ കന്യകാമറിയത്തിൻ്റെ നോക്കിലെ പ്രത്യക്ഷീകരണത്തിൻ്റെ ചരിത്രപശ്ചാത്തലവും ദൈവശാസ്ത്രപരമായ പ്രസക്തിയും അദ്ദേഹം വിശദീകരിച്ചു. ഒരു വ്യക്തിയുടെ പ്രത്യക്ഷീകരണത്തേക്കാളുപരി നമ്മുടെ അമ്മയായ തിരുസഭയുടെ ത്രിതല യാഥാർഥ്യങ്ങളുടെ ഐക്യത്തെപ്പറ്റിയുള്ള ഉജ്ജലമായ സാക്ഷ്യമായിരുന്നു നോക്ക് പ്രത്യക്ഷീകരണം. സകലസൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടിനിൽക്കുന്ന തിരുസഭയുടെ സ്വർഗ്ഗീയ ആരാധനയിലേയ്ക്ക് പ്രത്യാശയോടെ നീങ്ങാൻ ഈ നമ്മെ സഹായിക്കുന്ന ദൈവീക ആഹ്വാനമാണ് ഈ വെളിപാടെന്ന് കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു.













