പെർത്ത് : ഓസ്ട്രേലിയയിൽ ഇന്ധനവില കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, പ്രധാന ഇന്ധന വിതരണക്കാർക്കെതിരെ അനധികൃതമായി വില ഉയർത്തിയെന്ന (price gouging) ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. രാജ്യത്തെ മത്സര നിയന്ത്രണ ഏജൻസിയായ ACCC (Australian Competition and Consumer Commission) ആണ് അന്വേഷണം നടത്തുന്നത്. ഇറാൻ യുദ്ധത്തെ തുടർന്ന് ഉണ്ടായ ഇന്ധന ക്ഷാമം മുതലെടുത്ത് ആംപോൽ(Ampol), ബിപി(BP), മൊബിൽ(Mobil), വിവ എനർജി(Viva Energy) തുടങ്ങിയ കമ്പനികൾ വില അന്യായമായി ഉയർത്തിയെന്നാണ് ആരോപണം. ഗ്രാമീണ, പ്രാദേശിക മേഖലകളിൽ ഡീസൽ ലഭ്യത കുറവായതും സ്വതന്ത്ര വിതരണക്കാർക്ക് ഇന്ധനം ലഭിക്കാത്തതും അന്വേഷണത്തിനു കാരണമായി.
ഇറാൻ യുദ്ധത്തെ തുടർന്ന് ലോകത്തെ ഇന്ധന വിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് ഇറാൻ അനുമതി നിഷേധിച്ചതോടെയാണ് ആഗോളതലത്തിലും എണ്ണവില ഉയർന്നത്. ഓസ്ട്രേലിയയിലെ ചില മേഖലകളിൽ ഇന്ധനവില ലിറ്ററിന് 2.40 ഡോളർ മുതൽ 2.99 ഡോളർ വരെ എത്തി. പാനിക് ബയിങ്ങും (panic buying) വില വർധനവിനു കാരണമായി. ഇന്ധനവിതരണം നിരീക്ഷിക്കാൻ സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വില അനിയന്ത്രിതമായി വർധിപ്പിച്ചെന്നു കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇറാൻ യുദ്ധത്തെ തുടർന്ന് രൂപപ്പെട്ട ആഗോള ഇന്ധന പ്രതിസന്ധി ഓസ്ട്രേലിയയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.













