ബര്‍ലിന്‍ : കേരള സര്‍ക്കാരിന്റെ ജര്‍മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി, തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജര്‍മനിയിലെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ജര്‍മനിയിലെത്തിയ നോര്‍ക്ക സിഇഒ അജിത് കോളശേരി, ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് എന്നിവര്‍ ജര്‍മനിയിലെ ബര്‍ലിനിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ജര്‍മ്മനി സംഘടനയുടെ നേതൃത്വത്തില്‍ മലയാളികളുമായി കൂടിക്കാഴ്ചയ്ക്ക് ഇരുവര്‍ക്കും അവസരെമൊരുക്കി.
നോര്‍ക്കയുടെ ട്രിപ്പിള്‍വിന്‍ പദ്ധതിയിലൂടെ ആയിരിത്തിലധികം നഴ്സുമാര്‍ ജര്‍മനിയിലെ 13 സ്റേററ്റുകളിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടന്ന് സിഇഒ അജിത് കോളശേരി പറഞ്ഞു. ഇനിയും പുതിയ മേഖലകളെക്കൂടി ചേര്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കുമെന്നും സിഇഒ പറഞ്ഞു.
ലോക കേരളസഭയുടെ ആവശ്യകതയെപ്പറ്റിയും പ്രവാസികള്‍ കേരളത്തിന്റെ ഭാവിയില്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിയ്ക്കാന്‍ ലോക കേരളസഭ പോലുള്ള ഒരു പ്ളാറ്റ്ഫോമില്‍ ചേരേണ്ടതിന്റെ പ്രാധാന്യവും ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് യോഗത്തില്‍ വിശദീകരിച്ചു. സംസ്കാര പ്രതിനിധികളെ കൂടാതെ ബര്‍ലിന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു. ജര്‍മനിയിലെ നോര്‍ക്കയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറപ്പും സംഘടനാപ്രതിനിധികള്‍ നല്‍കി. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
ജോസ് കുമ്പിളുവേലില്‍














