ബര്‍ലിന്‍ : മൂന്നരവയസുകാരന്‍ സ്റെറവിന്‍ ഷാന്റി എന്ന കൂട്ടൂസിന്റെ പാട്ടിന്റെ നിറവില്‍ പൊന്നോണക്കനവുകളുമായി കുമ്പിള്‍ ക്രിയേഷന്‍സിന്റെ തിരുവോണ ആല്‍ബം “ദാവണി പൊന്നോണം” പുറത്തിറങ്ങി. ഗൃഹാതുരത്വം എപ്പോഴും നെഞ്ചിലേറ്റുന്ന പ്രവാസലോകത്തിന്റെ ആത്മഹര്‍ഷമാണ് ആല്‍ബത്തില്‍ പ്രതിഫലിയ്ക്കുന്നത്.
ചിങ്ങത്തിന്റെ വസന്താരവത്തില്‍ ഓണത്തിന്റെ അലയൊലികള്‍ക്കൊപ്പം ആവേശവും മേമ്പൊടിയാക്കി പുതുമ നിറച്ചൊരു ഗാനവിരുന്നായി കുമ്പിള്‍ ക്രിയേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെ പ്രവാസിഓണ്‍ലൈന്‍ മാദ്ധ്യമമാണ് ദാവണി പൊന്നോണം ആല്‍ബം ശ്രോതാക്കള്‍ക്കായി സമര്‍പ്പിച്ചത്. ജര്‍മനിയിലെ നീഡര്‍സാക്സന്‍ സംസ്ഥാനത്തിലെ എംസ്ലാന്റ് മലയാളി അസോസിയേഷന്‍ (ESMA LIngen) ഓഗസ്ററ് 30 ന് ശനിയാഴ്ച ലിംഗന്‍ നഗരത്തില്‍ നടത്തിയ ഓണാഘോഷവേളയിലാണ് ദാവണി പൊന്നോണം റിലീസ് ചെയ്തത്. ഫാ.ഷൈജു ജോര്‍ജ് (താനപ്പനാല്‍) സിഎഫ്ഐസി, ഫാ.മനോജ് വെട്ടംതടത്തില്‍ സിഎഫ്ഐസി., എസ്മ കോഓര്‍ഡിനേറ്റര്‍മാരായ ജോണ്‍സണ്‍ ജോണ്‍ പുതുപ്പള്ളിമ്യാലില്‍, ധന്യ ഷീല സണ്ണി, ജോജി പുല്ലാപ്പള്ളില്‍ (മാവേലി) ജോബി ജോര്‍ജ് വട്ടപ്പറമ്പില്‍, എന്നിവര്‍ ചേര്‍ന്നാണ് ഗാനം വേദിയില്‍ റിലീസ് ചെയ്തത്. അബിന്‍ ടോം ലൂക്കോസ്, ജ്യുവല്‍ റോജി എന്നിവര്‍ പരിപാടി മോഡറേറ്റ് ചെയ്തു. ജോസ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.
കുഞ്ഞുമിടുക്കനായ കുട്ടിപ്പാട്ടുകാരന്‍ കുട്ടൂസിന്റെ നിഷ്കളങ്കമായ ശബ്ദത്തിനൊപ്പം ഐഡിയ സ്ററാര്‍ സിംഗര്‍ ഫെയിം ഋതിക സുധീറും ആലപിച്ച ഗാനം ‘ദാവണി പൊന്നോണം” ആല്‍ബം റിലീസ് ചെയ്ത അന്നുതന്നെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ആദ്യദിവസത്തില്‍ പതിനായിരത്തിലധികം ആളുകളാണ് ഗാനം യുട്യൂബില്‍ ആസ്വദിച്ചത്.
വേറിട്ട രചനയും സംഗീതവും ചേര്‍ന്നിരിക്കുന്ന ഈ ഗാനം പ്രേക്ഷകരിലൂടെ യൂട്യൂബില്‍ വൈറലായി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. മാദ്ധ്യമപ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ രചിച്ച ഗാനത്തിന്റെ സംഗീതവും ആല്‍ബത്തിന്റെ സംവിധാനവും നിര്‍വഹിച്ചത് ഷാന്റി ആന്റണി അങ്കമാലിയാണ്. ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ പ്രതീഷ് വി.ജെയും, ഓടക്കുഴല്‍ ലൈവ് ജോസഫ് മാടശ്ശേരിയും,ക്യാമറ ബാബു കൊരട്ടിയും, എഡിറ്റ് ജോസ്ന ഷാന്റിയും, അധിക എഡിറ്റിംഗും ദൃശ്യങ്ങളും ജെന്‍സ് കുമ്പിളുവേലിലും ആണ് നിര്‍വഹിച്ചിരിയ്ക്കുന്നത്. ചാലക്കുടി ട്യൂണ്‍സ് സ്ററുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ സൗണ്ട് ഡിസൈനിംഗ് ഡെന്‍സണ്‍ ഡേവിസും ആണ് നിര്‍വഹിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് കേരളത്തിലും ജര്‍മനിയിലുമാണ്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ നിര്‍മ്മാതാക്കള്‍.
ഗാനം ആസ്വദിയ്ക്കാന്‍ ലിങ്കില്‍ ക്ളിക് ചെയ്യുക












