ലണ്ടന്‍ : ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ റാലി നടത്തിയവര്‍ വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനെത്തിയത് ഇന്ത്യന്‍ കുടിയേറ്റക്കാരന്‍റെ ബജിക്കടയില്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച പ്രതിഷേധക്കാര്‍ വിശന്നപ്പോള്‍ ഇന്ത്യന്‍ സ്ട്രീറ്റ് സ്ററാളില്‍ നിന്ന് സവാള ബജി വാങ്ങിക്കഴിച്ചതാണ് എക്സില്‍ വൈറലായ വീഡിയോ. യുണൈറ്റഡ് ദ കിങ്ഡം എന്ന ആഹ്വാനവുമായി നടത്തിയ റാലിക്കിടെയാണ് പ്രതിഷേധക്കാര്‍ ഇന്ത്യക്കാരുടെ പരമ്പരാഗത ലഘുഭക്ഷണമായ സവാള ബജി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. വിചിത്രമായ കാര്യം എന്ന അടിക്കുറിപ്പോടെ എക്സില്‍ പങ്കു വയ്ക്കപ്പെട്ട ഈ വീഡിയോ നെറ്റിസണ്‍സിനിടയില്‍ ചിരി പടര്‍ത്തി. ഇതിനകം ഒരു കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇംഗ്ളണ്ടിന്‍റെ പതാകയുമായി ഇന്ത്യന്‍ സ്ട്രീറ്റ് സ്ററാളിലേയ്ക്ക് എത്തുന്ന പ്രതിഷേധക്കാര്‍ സവാള ബജി വാങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. തെരുവുകളിലുള്ള വിദേശികള്‍ ഷീറ്റുകളില്‍ കറി കഴിക്കുന്നു എന്ന് ഒരാള്‍ പരിഹസിച്ചപ്പോള്‍, നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരേയാണ് പ്രതിഷേധമെന്നും, പോസ്ററ് ചെയ്തയാള്‍ക്ക് ഇത് മനസിലാകുന്നില്ലെന്നും മറ്റൊരാള്‍ പ്രതികരിച്ചു.













