കാബൂൾ: അഫ്ഗാനിസ്ഥാനിൽ അതി തീവ്ര ഭൂചലനം. ഇപ്പോൾ ലഭ്യമായ വിവരം അനുസരിച്ച് 600 പേർ കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 200O പേർക്ക് പരിക്കേറ്റു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഏറെ വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർ ചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ നിന്ന് 27 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയരുമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നിരവധി ആളുകൾ അവശി ഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. കാബൂളിൽ നിന്ന് 370 കിലോമീറ്റർ അകലെയുള്ള പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി എഎഫ്‌പി മാധ്യമ പ്രവർത്തകർ പറഞ്ഞു.












