Home അമേരിക്ക അമേരിക്കന്‍ അതിഭദ്രാസന 36-ാമത് കുടുംബമേള സമാപിച്ചു

അമേരിക്കന്‍ അതിഭദ്രാസന 36-ാമത് കുടുംബമേള സമാപിച്ചു

164
0

വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഡ്യൂലെസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടത്തപ്പെട്ട 36-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് തിരശ്ശീല വീണു. വിശ്വാസ തീഷ്ണതയില്‍, അടിയുറച്ച സഭാവിശ്വാസത്തിന്റേയും ആത്മവിശുദ്ധിയുടെയും മഹത്വം വിളിച്ചോതി, തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ യുവജനങ്ങളുടെയും, മുതിര്‍ന്നവരുടേയും സജീവ പങ്കാളിത്വത്തില്‍ നടത്തപ്പെട്ട ഈ കുടുംബമേള പുതുമയാര്‍ന്ന ആശയങ്ങള്‍ കൊണ്ടും, ആത്മീയത നിറഞ്ഞു നിന്ന വിവിധങ്ങളായ പ്രോഗ്രാമുകള്‍ കൊണ്ടും, സഭയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും ഊട്ടി ഉറപ്പിക്കുന്ന ഒരു മഹത്തായ വേദിയായി മാറി. കോണ്‍ഫറന്‍സിന്റെ ആദ്യദിനമായ ബുധനാഴ്ച നടത്തപ്പെട്ട ‘ഡെലിഗേറ്റ് മീറ്റിംഗ്’ ഭദ്രാസനത്തിന്റെ അഭിവൃദ്ധിക്കും, വളര്‍ച്ചക്കും, സഭാംഗങ്ങളുടെ ക്ഷേമത്തിനും അതോടൊപ്പം തന്നെ പൊതുജന നന്മക്കും ഉതകുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. ‘വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും. യോഹന്നാന്‍ 11.40’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഈ കുടുംബമേളയുടെ മുഖ്യപ്രഭാഷകയായി പങ്കെടുത്തത് ലോക പ്രശസ്ത ക്രിസ്ത്യന്‍ ചരിത്രകാരിയും, സിറിയക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹിസ്റ്ററില്‍ ഡോക്ടറേറ്റ് ബിരുദധാരിയുമായ ഡോ.സാറാ നൈറ്റായിരുന്നു. സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസത്തിന്റെ പ്രതീകമായ നിഖ്യാ സുന്നദോസിന്റെ 1700-ാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി, സുറിയാനി സഭയുടെ ചരിത്രപരമായ അവലോകനവും, അപ്പോസ്‌തോലിക പിന്‍തുടര്‍ച്ചയും, കൈവയ്പും, വി.സഭ അനുവര്‍ത്തിച്ചുവരുന്ന പാരമ്പര്യങ്ങളും പഠിക്കുവാനും അവ ചര്‍ച്ചചെയ്യുവാനുമുള്ള അവസരം ലഭ്യമായിയെന്നുള്ളത് വിശ്വാസികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായി മാറി.

അഭിവന്ദ്യ മാത്യൂസ് മോര്‍ അ്ന്തീമോസ്, അഭിവന്ദ്യ മോര്‍ ജോസഫ് ബാലി, റവ.ഫാ.ഏലീജ എസ്തഫാനോസ്, എന്നീ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തില്‍ നടത്തിയ പഠനക്ലാസ്സുകളും, വിശ്വാസികള്‍ക്ക് ആത്മീയ നിറവേകി. കുടുംബമേളയുടെ രണ്ടാം ദിവസം ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് നടത്തിയ എക്‌സലന്‍സ് അവാര്‍ഡ് നിശ ഏറെ ആകര്‍ഷകമായിരുന്നു. വിവിധ കര്‍മ്മ രംഗങ്ങളില്‍ പ്രശംസനീയമായ സേവനങ്ങള്‍ വഴിയായി വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന് മാതൃകയായി മാറുകയും ചെയ്ത വിശിഷ്ട വ്യക്തികളെ ആദരിച്ചത് ഏറെ പ്രശംസനീയമായി. കുടുംബമേളയോടനുബന്ധിച്ച് കൊടി, വര്‍ണ്ണക്കുട, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ, ചെണ്ടവാദ്യ മേളങ്ങളുടെ താളകൊഴുപ്പോടെ പാത്രിയര്‍ക്കാ പതാകക്ക് പിന്നിലായി, വന്ദ്യ വൈദീകര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, എന്നിവരോടൊപ്പം, വിശ്വാസ സമൂഹം, കേരളത്തിന്റെ സാസ്‌ക്കാരിക തനിമയുടെ മറ്റൊരു നേര്‍ കാഴ്ചയെന്നോണം, കേരള ശൈലിയിലുള്ള വേഷവിധാനങ്ങളോടെ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ച്, അടക്കും ചിട്ടയുമായി അണിനിരന്ന് നടത്തിയ വര്‍ണ്ണശമ്പളമായ ഘോഷയാത്ര ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കാനഡ റീജിയന്‍ പ്രത്യേക ഭദ്രാസനമായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവക്ക് സമര്‍പ്പിക്കുമെന്ന്, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ അറിയിപ്പ് സഭാംങ്ങളെ ഏറെ സന്തുഷ്ടരാക്കി.

കുടുംബമേളയുടെയ അവസാന ദിവസമായ ശനിയാഴ്ച രാവിലെ 8 മണിക്ക് അഭിവന്ദ്യരായ മെത്രാപ്പോലീത്താമരുടെ കാര്‍മ്മികത്വത്തിലും, വന്ദ്യ കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍, ബ: വൈദീകര്‍, ശെമ്മാശ്ശന്മാര്‍ എന്നിവരുടെ സഹകരണത്തിലും വി: ബലി അര്‍പ്പണവും നടത്തപ്പെട്ടു. വി: കുര്‍ബ്ബാനക്കുശേഷം അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ കഴിഞ്ഞ 2 വര്‍ഷക്കാലം ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ച ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, പ്രത്യേകിച്ച് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഡോ.ജെറി ജേക്കബ്, ട്രഷര്‍ ശ്രീ. ജോജി കാവനാല്‍ എന്നിവരേയും, വന്ദ്യ വൈദീകരേയും മറ്റു ഭക്ത സംഘടനാ പ്രവര്‍ത്തകരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി മെത്രാപോലീത്ത തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഭദ്രാസനാസ്ഥാന കത്തീഡ്രലിന്റെ പുനരുദ്ധാരണ പണികള്‍ നടന്നുവരുന്ന ഈ കാലയളവില്‍ ഏവരുടേയും തുടര്‍ന്നുള്ള സഹായ സഹകരണങ്ങള്‍, ഉണ്ടായിരിക്കണമെന്ന് മെത്രാപോലീത്താ ഓര്‍മ്മിപ്പിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന സെക്രട്ടറി റവ.പാ.പോള്‍ തോട്ടക്കാട്ട്, ട്രഷറര്‍ ശ്രീ. സിമി ജോസഫ്, കൗണ്‍സില്‍ അംഗങ്ങള്‍, വൈദീക സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ചാലിശ്ശേരി മറ്റു ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരെയെല്ലാം ഈ അവസരത്തില്‍ അഭിനന്ദിക്കുന്നതായും ഭദ്രാസനത്തിന്റെ വളര്‍ച്ചക്കും ഉന്നമനത്തിനുമായി ഏവരുടേയും ഒത്തൊരുമയോടു കൂടിയുള്ള പ്രവര്‍ത്തനം സ്വാഗതം ചെയ്യുന്നതായും, മെത്രാപോലീത്താ അറിയിച്ചു.

Previous articleസാമുവൽ മത്തായിയ്ക്ക് ഗ്ലോബൽ എക്സ്പാറ്റ് എക്സലൻസ് അവാർഡ്
Next article‘വിശ്വാസ ജീവിതം പരിശുദ്ധവും പരിപൂര്‍ണ്ണവും ആവണം’ മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Leave a Reply