ഒരാഴ്ചക്കാലത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് സുഡാന്‍. അയല്‍രാജ്യമായ സൗത്ത് സുഡാന്‍ സൈനിക- അര്‍ദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചര്‍ച്ചയിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലും പുതിയ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് സുഡാന്‍ ജനത. സൗദിയും ഐക്യരാഷ്ട്രസഭയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഞായറാഴ്ച പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അയല്‍രാജ്യമായ സൗത്ത് സുഡാന്റെ നേതൃത്വത്തില്‍ പുതിയ നീക്കം. മെയ് 4 മുതല്‍ 11 വരെ നീളുന്ന ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് സുഡാനിലെ സൈനിക- അര്‍ദ്ധ സൈനിക നേതൃത്വങ്ങള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. നേരത്തെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന വെടിനിര്‍ത്തല്‍ കരാറുകള്‍ പൂര്‍ണ പരാജയം നേരിട്ടിരുന്നു.
മിലിറ്ററിയും പാരാമിലിറ്ററിയും തമ്മില്‍ നിലവില്‍ തലസ്ഥാന നഗരമായ ഖാര്‍ത്തൂമും ദാര്‍ഫര്‍ അടക്കമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് യുദ്ധം തുടരുന്നത്. നൈല്‍ നദിക്ക് കുറുകെ വട്ടമിട്ടു പറക്കുന്ന വിമാനങ്ങളും എപ്പോഴും പ്രതീക്ഷിക്കാവുന്ന വ്യോമാക്രമണങ്ങളും അന്യനാടുകളിലേക്ക് പലായനം ചെയ്യുന്നവരെ പോലും ഭീതിയിലാഴ്ത്തുന്നുണ്ട്. 8 ലക്ഷം പേര്‍ പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ കരുതുന്ന യുദ്ധം മൂലം ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ നാടുവിട്ടു കഴിഞ്ഞു. അയല്‍ രാജ്യങ്ങളായ ഈജിപ്ത്, സൗത്ത് സുഡാന്‍, എത്യോപ്പിയ, ചാഡ് അടക്കമുള്ള രാജ്യങ്ങളും സുഡാന്‍ യുദ്ധഭീതിയുടെ നിഴലിലാണ്. സുഡാനില്‍ കുടുങ്ങിയ വിദേശ പൗരന്മാരെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ പോര്‍ട്ട് സുഡാന്‍ വഴിയും വിവിധ വിമാനത്താവളങ്ങള്‍ വഴിയും രക്ഷപ്പെടുത്തുന്നത് തുടരുകയാണ്.













